ന്യൂദല്‍ഹി : ദല്‍ഹിയില്‍ ഇത്തവണ ഐ.പി.എല്‍ നടത്താനാകില്ലെന്ന് ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ. ദല്‍ഹിയിലെ പ്രധാനപ്പെട്ട മേളകളെല്ലാം മാറ്റിവെക്കുന്നതായും സിസോദിയ വാര്‍ത്തസമ്മളേനത്തില്‍ പറഞ്ഞു.
നേരത്തെ രാജ്യത്ത് കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ മാറ്റിവെക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സംഘാടകരാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
‘ ഐ.പി.എല്‍ മത്സരം നടത്താതിരിക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം സംഘാടകരുടെ കൈയ്യിലാണ്,’ വിദേശ കാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നവാശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു.എന്നാല്‍ ഐ.പി.എല്‍ മാറ്റിവെയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനുള്ള സാധ്യതകളും ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്.
ഐ.പി.എല്‍ മാറ്റിവെയ്ക്കുന്നത് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കും എന്നതാണ് ബി.സി.സി.ഐ നേരിടുന്ന വെല്ലുവിളി. മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിനായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് അഞ്ച് വര്‍ഷത്തേക്ക് 16000 കോടി രൂപയാണ് ബി.സി.സി.ഐയ്ക്ക് നല്‍കിയിട്ടുള്ളത്. മാത്രമല്ല, മത്സരങ്ങള്‍ മാറ്റിവെയ്ക്കുന്നത് പരസ്യവരുമാനത്തേയും ബാധിക്കും.