|

ബന്ദി കൈമാറ്റത്തില്‍ തടസ്സമില്ല; ഹമാസ് മൂന്നും ഇസ്രഈല്‍ 369 തടവുകാരെയും കൈമാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയിലെ വെടിനിര്‍ത്തലിന്റെ അനിശ്ചിതത്വത്തിനിടെ ഹമാസ് മൂന്ന് ഇസ്രഈല്‍ തടവുകാരെ മോചിപ്പിച്ചതിന് പിന്നാലെ 369 ഫലസ്തീന്‍ തടവുകാരെ ഇസ്രഈലും മോചിപ്പിച്ചു.

ഫലസ്തീന്‍ തടവുകാരെ വഹിച്ചുള്ള വാഹനം റാമല്ലയിലും ഖാന്‍ യൂനുസില്‍ വെച്ച് ഇസ്രഈല്‍ തടവുകാരെയും കൈമാറുകയായിരുന്നു.

ജനുവരി 19ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയുള്ള ആറാമത്തെ ബന്ദി കൈമാറ്റമാണ് ഇന്ന് ഖാന്‍ യൂനുസില്‍ നടന്നത്. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലായിരുന്നു ബന്ദി കൈമാറ്റം.

അമേരിക്കന്‍- ഇസ്രഈല്‍ വംശജനായ സാഗുയി ഡെക്കന്‍- ചെന്‍, ഇസ്രഈലി-റഷ്യന്‍ സാഷാ ട്രൂപനോവ്, ഇസ്രഈലി അര്‍ജന്റീനിയന്‍ യെയര്‍ ഹോണ്‍ എന്നിവരെയാണ് ഇന്ന് ഹമാസ് മോചിപ്പിച്ചത്.

വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രഈല്‍ ലംഘിച്ചുവെന്ന് കാണിച്ച് ഈ വാരാന്ത്യത്തില്‍ ബന്ദികളെ വിട്ടയക്കില്ലെന്ന് തിങ്കളാഴ്ച ഹമാസ് പറഞ്ഞിരുന്നു. ഇസ്രഈല്‍ കരാര്‍ ലംഘിച്ചുവെന്ന് കാണിച്ചായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് ഇന്ന് ബന്ദി കൈമാറ്റം നടന്നത്.

പിന്നാലെ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹമാസിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. എല്ലാ ബന്ദികളെയും കൈമാറാന്‍ ഹമാസ് തയ്യാറാവുന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ് നല്‍കിയത്.

ഹമാസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ശനിയാഴ്ച (ഇന്ന്) ഉച്ചയ്ക്ക് മുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഗസയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഇസ്രഈല്‍ പറഞ്ഞിരുന്നു.

Content Highlight: No interruption in hostage exchange; Hamas handed over three and Israel handed over 369 prisoners