| Saturday, 28th August 2021, 10:54 am

മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; ഹിന്ദു രക്ഷാദള്‍ നേതാവിന്റെ ഇടക്കാല ജാമ്യാപേക്ഷ തളളി ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി ജന്തര്‍ മന്ദറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയ കേസില്‍ ഹിന്ദു രക്ഷാദള്‍ നേതാവ് പിങ്കി ചൗധരിയുടെ ഇടക്കാല ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തളളി.

ജസ്റ്റിസ് മുക്ത ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്. പ്രഥമദൃഷ്ട്യാ തെളിവുകളെല്ലാം ചൗധരിക്കെതിരാണെന്ന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.

ഓഗസ്റ്റ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. നിങ്ങള്‍ ജന്തര്‍ മന്ദറില്‍ ഉണ്ടായിരുന്നില്ലേയെന്നും ഇല്ലെങ്കില്‍ ആ സമയത്ത് എവിടെയായിരുന്നെന്ന് വ്യക്തമാക്കണമെന്നും കോടതി ചൗധരിയോട് ആവശ്യപ്പെട്ടു.

ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു വിഡിയോ ഓഗസ്റ്റ് എട്ടു മുതല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനേത്തുടര്‍ന്നാണ് ദല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റ് 23ന് ജാമ്യാപേക്ഷ കീഴ്ക്കോടതി തളളിയതും ദല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

‘ നമ്മള്‍ താലിബാന്‍ രാഷ്ട്രത്തിലല്ല’ ജീവിക്കുന്നതെന്ന് ജാമ്യാപേക്ഷ തളളവേ കീഴ്ക്കോടതി അഭിപ്രായപ്പെട്ടിരുന്നു. രാജ്യം മുഴുവന്‍ ‘ആസാദി കാ അമൃത്’ മഹോത്സവം ആഘോഷിക്കുമ്പോള്‍ , ചില മനസുകള്‍ ഇപ്പോഴും അസഹിഷ്ണുതയിലും സ്വയം കേന്ദ്രീകൃതവുമായ വിശ്വാസങ്ങളിലും ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും ജാമ്യാപേക്ഷ തളളിക്കൊണ്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അനില്‍ ആന്റില്‍ പറഞ്ഞിരുന്നു.

തന്റെ കക്ഷി മത സ്പര്‍ദ്ധ വളര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടില്ലെന്ന് ഇന്നലെ ചൗധരിക്കു വേണ്ടി ഹാജരായ അഡ്വക്കേറ്റ് വിഷ്ണു ശങ്കര്‍ ജെയ്ന്‍ വാദിച്ചു. പ്രതിഷേധ സമിതിയുടെ നടത്തിപ്പുകാരനായ അശ്വനി ഉപാധ്യായയ്ക്ക് ജാമ്യം അനുവദിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ചൗധരി ഒരു പ്രാദേശിക ചാനലിന് അഭിമുഖം അനുവദിച്ചിരുന്നു. ആ സംഭാഷണം മുന്‍നിര്‍ത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കേസെടുത്തത്.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മുദ്രാവാക്യമുയര്‍ത്തിയതിനാണ്. എന്നാല്‍ സംഭവ സ്ഥലത്ത് ചൗധരി ഉണ്ടായിരുന്നില്ല’, അഡ്വക്കേറ്റ് വിഷ്ണു ശങ്കര്‍ ജെയ്ന്‍ കോടതിയെ ധരിപ്പിച്ചു.

എന്നാല്‍, മതസ്പര്‍ദ്ധ വളര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ അടങ്ങിയ വിഡിയോയും കുറച്ചു രേഖകളും സമൂഹ മാധ്യമങ്ങള്‍ വഴി ചൗധരി പങ്കുവെച്ചെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തരംഗ് ശ്രീവാസ്തവ കോടതിയോട് ചൂണ്ടി്ക്കാട്ടി.

‘ പങ്കുവെക്കപ്പെട്ട രേഖകള്‍ പ്രകാരം ചൗധരിക്ക് കേസില്‍ പങ്കുണ്ട് എന്നത് വ്യക്തമാണ്. ഒരു മത സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുളള ഫേസ്ബുക്ക് ലൈവ് വിഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്’, തരംഗ് ശ്രീവാസ്തവ പറഞ്ഞു.

എന്നാല്‍ എഫ്.ഐ.ആര്‍ ഒരു കേസിന്റെ അവസാനമല്ലെന്നും ആദ്യ പടിയാണെന്നും കോടതി പറഞ്ഞു. കേസ് കോടതി വീണ്ടും കേള്‍ക്കുന്നതിനായി സെപ്റ്റംബര്‍ 13ലേക്ക് മാറ്റി.

ഓഗസ്റ്റ് എട്ടിനു നടന്ന റാലി മാസങ്ങള്‍ക്കു മുന്‍പേ തീരുമാനിക്കപ്പെട്ടതാണെന്നാണ് ദല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍.

റാലിയില്‍ പങ്കെടുത്ത ആളുകള്‍ മുഖേന വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പങ്കുവെച്ചെന്നും പൊലീസ് പറയുന്നു.

‘ഞങ്ങള്‍ അറസ്റ്റ് ചെയ്ത ആളുകള്‍ എല്ലാവരും പരസ്പരം അറിയുന്നവരാണ്. ഭാരത് ജോഡോ ആന്തോളന്‍ എന്ന സംഘടനയുടെ പേരിലാണ് ഓഗസ്റ്റ് എട്ടിലേക്കുളള പരിപാടിയുടെ ക്ഷണം ബന്ധപ്പെട്ടവര്‍ നല്‍കിയത്. ഇവര്‍ സേവ് ഇന്ത്യ ഫൗണ്ടേഷന്‍ എന്ന പേരില്‍ വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായ പ്രീത് സിംഗ് സേവ് ഇന്ത്യ ഫൗണ്ടേഷന്റെ കണ്‍വീനറാണ്’, അന്വേഷണ ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. ഏഴു പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. ഇതില്‍ അശ്വനി ഉപാധ്യായ ഒഴികെ ബാക്കി ആറു പേരും ഹിന്ദു രക്ഷാദള്‍ നേതാക്കളാണ്.

2020 ജനുവരിയില്‍ ജെ.എന്‍.യു കാമ്പസില്‍ നടന്ന സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ഹിന്ദു രക്ഷാ ദള്‍ ഏറ്റെടുത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: No Interim Protection to Hindu Raksha Dal Head

We use cookies to give you the best possible experience. Learn more