| Sunday, 19th April 2020, 5:21 pm

കുടിയേറ്റ തൊഴിലാളികള്‍ക്ക് ചില ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം; അന്തര്‍സംസ്ഥാന യാത്ര ഇപ്പോഴില്ല, രജിസ്റ്റര്‍ ചെയ്യണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹോട്ട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കേന്ദ്രം തിങ്കളാഴ്ചയോടെ ഇളവുകള്‍ അനുദിക്കുമെങ്കിലും കുടിയേറ്റ തൊഴിലാളികളുടെ അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദ്ദേശങ്ങളിലാണ് കേന്ദ്രം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ലോക്ഡൗണ്‍ കാരണം ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ അതത് പ്രദേശങ്ങളിലെ അധികൃതര്‍ക്ക് മുമ്പില്‍ രജിസ്റ്റര്‍ ചെയ്യണം.

‘നിലവില്‍ തൊഴിലാളികള്‍ എവിടെയാണോ കഴിയുന്നത് അവിടെ തന്നെ തുടരുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉറപ്പുവരുത്തണം. നിലവില്‍ ദുരിതാശ്വാസ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളെ ബന്ധപ്പെട്ട പ്രാദേശിക അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുകയും വിവിധതരം ജോലികള്‍ കണ്ടെത്തുന്നതിന് അവരുടെ നൈപുണ്യ മാപ്പിംഗ് നടത്തുകയും വേണം’, കേന്ദ്ര നിര്‍ദ്ദേശം ഇങ്ങനെ.

ഏപ്രില്‍ 20 മുതല്‍ ഗ്രാമീണ മേഖലയില്‍ ചില നിര്‍മാണ പ്രവര്‍ത്തനങ്ങളും വ്യാവസായിക പ്രവര്‍ത്തനങ്ങളും അനുവദിക്കുമെന്ന് കേന്ദ്രം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഓഫീസുകള്‍, അടിയന്തര സേവനങ്ങള്‍ക്കായി സ്വകാര്യ വാഹനങ്ങള്‍, അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന ഇ-കൊമേഴ്സ് കമ്പനികള്‍, കൊറിയര്‍ സേവനങ്ങള്‍, എം.എന്‍.ആര്‍ജി.എ വര്‍ക്കുകള്‍, സാമ്പത്തിക മേഖല എന്നിവയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

നിലവില്‍ താമസിക്കുന്ന സംസ്ഥാനത്തില്‍ത്തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികളെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കണം. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more