ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന വഴികളിലുടനീളമുള്ള മുസ്‌ലിം കടയുടമകള്‍ കടയുടെ പേരിനൊപ്പം ഉടമയുടെ പേര് കൂടി എഴുതണമെന്ന നിര്‍ദേശം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് യു.പി പൊലീസ്. മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശം തങ്ങള്‍ക്കില്ലെന്നാണ് യു.പി പൊലീസിന്റെ വാദം.
‘മതപരമായ ഭിന്നത സൃഷ്ടിക്കുക ഞങ്ങളുടെ ഉദ്ദേശമല്ല, മറിച്ച് ചില ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുന്ന ഭക്തരുടെ വിശ്വാസവും ക്ഷേമവും ഉറപ്പുവരുത്തുക എന്നതാണ് നിര്‍ദ്ദേശത്തിന് പിന്നില്‍. ഈ റൂട്ടില്‍ യാത്ര ചെയ്യുന്ന ഭക്തര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകാതാരിക്കാനാണ് ഈ തീരുമാനം’, മുസാഫിര്‍ നഗര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അഭിഷേക് സിങ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2023 ല്‍ മുസാഫര്‍നഗറിലെ ഒരു ആശ്രമത്തിലെ പുരോഹിതനായ യഷ്‌വീര്‍ മഹാരാജാണ് മുസ്‌ലിം കടയുടമകള്‍ അവരുടെ കടകള്‍ക്ക് മുകളില്‍ സ്വന്തം പേരുകള്‍ എഴുതണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. മുസ്‌ലീങ്ങളുടെ കടയാണെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് ഇങ്ങനെ എഴുതണമെന്ന ആവശ്യമായി ഇയാള്‍ എത്തിയത്. ഹോട്ടലുകളിലും ചായക്കടകളിലും ബേക്കറികളിലും പഴം, പച്ചക്കറി വണ്ടികള്‍ക്ക് മുകളിലും മുസ്‌ലിം ഉടമകളാണെങ്കില്‍ അവരുടെ പേരുകള്‍ എഴുതണമെന്നായിരുന്നു ഇദ്ദേഹം ആവശ്യപ്പെട്ടത്.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇത്തരമൊരു തീരുമാനവുമായി സര്‍ക്കാര്‍ എത്തിയത്. മുന്‍കാലങ്ങളില്‍ ചില കടയുടമകള്‍ കാരണം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നെന്നും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനായി പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്തരുടെ വിശ്വാസം കണക്കിലെടുത്താണ് ഈ നടപടിയെന്നാണ് പൊലീസിന്റെ വാദം.
വിഷയത്തില്‍ വലിയ വിമര്‍ശനവുമായി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും എ.ഐ.എം.ഐ.എമ്മുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്. ‘ഈ നടപടി നിയമവിരുദ്ധമാണ്, ഭരണഘടനാ വിരുദ്ധമാണ്. സങ്കടമെന്നല്ലാതെ എന്തുപറയാന്‍’ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര പറഞ്ഞു.
ഇങ്ങനെയാണ് കാര്യങ്ങളെ സമീപിക്കുന്നതെങ്കില്‍ അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടകരെ തന്നെ നിരോധിക്കേണ്ടി വരുമെന്നും ആ റൂട്ടില്‍ ഉടനീളമുള്ള സ്ഥാപനങ്ങള്‍ മുസ്‌ലീങ്ങളുടേതാണെന്നായിരുന്നു തൃണമൂല്‍ നേതാവ് ജവഹര്‍ സിര്‍കാര്‍ പറഞ്ഞത്.
ഇത് നാസി ജര്‍മനിയിലെ ജൂത വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്‌കരിച്ച ‘ജൂതന്‍ബോയ്കോട്ടി’ന് തുല്യമാണെന്നായിരുന്നു എ.ഐ.എം.ഐ.എം
തലവനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി പറഞ്ഞത്.
കോണ്‍ഗ്രസും ഈ നീക്കത്തെ വിമര്‍ശിച്ചിരുന്നു. ഈ ഭരണകൂടം സ്‌പോര്‍ണര്‍ചെയ്യുന്ന മതഭ്രാന്തിനെതിരെ മാധ്യമങ്ങളും ജനവിഭാഗങ്ങളും പ്രതികരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. രാജ്യത്തെ ഇരുണ്ട യുഗത്തിലേക്ക് തിരികെ കൊണ്ടുപോകാന്‍ ബി.ജെ.പിയെ അനുവദിക്കാനാവില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞത്.
Content Highlight: No intent to create religious rift: Police on order to display eatery owners’ names at Kanwar Yatra