| Tuesday, 14th August 2012, 9:37 am

മുംബൈ ആക്രമണം: ഇന്റലിജന്‍സ് പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ട് തെറ്റെന്ന് പോലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈയില്‍ ശനിയാഴ്ചയുണ്ടായ അക്രമസംഭവങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ ഇന്റലിജന്‍സ് പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ അരുപ് പട്‌നായിക്. അക്രമം നടന്ന അസദ് മൈതാനത്തില്‍ ആവശ്യത്തിന് പോലീസിനെ വിന്യസിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. []

പ്രതിഷേധ പ്രകടനം അക്രമാസക്തമാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സ്ഥലത്ത് ആവശ്യത്തിന് പോലീസിനെ വിന്യസിച്ചത്. സ്ഥലത്ത് ജോയിന്റ് കമ്മീഷണര്‍, നാല് ഡപ്യൂട്ടി കമ്മീഷണര്‍മാര്‍, അഡീഷണല്‍കമ്മീഷണര്‍ എന്നിവര്‍ യൂണിഫോമിലുണ്ടായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നില്ലെങ്കില്‍ അവധി ദിനമായിരുന്നിട്ടും അവരെ സ്ഥലത്ത് വിന്യസിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

50,000ത്തിലധികം ആളുകളുള്ള സംഘത്തെ നിയന്ത്രിക്കാന്‍ 750 വ്യക്തികള്‍ ധാരാളമാണ്. അസദ് മൈതാനത്ത് 15,000-20,000 ത്തിനും ഇടയില്‍ ആളുകള്‍ മാത്രമാണുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

3.17നാണ് സ്ഥലത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. 3.40 ആകുമ്പോഴേക്കും പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കിയെന്നും പട്‌നായിക് അവകാശപ്പെടുന്നു.

അക്രമകാരികളെ നിയന്ത്രിക്കാന്‍ ആദ്യഘട്ടത്തില്‍ തന്നെ പോലീസിന് നിര്‍ദേശം നല്‍കാതിരുന്നത് എന്താണെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു- ” ഞാന്‍ വെടിവെക്കണമായിരുന്നോ, 500 മൃതശരീരങ്ങള്‍ അവിടെ വീഴുന്നത് നിങ്ങള്‍ക്ക് കാണണമായിരുന്നോ? വെടിവെക്കാന്‍ തയ്യാറായി നില്‍ക്കുന്ന 500 ജവാന്‍മാരെയായിരുന്നു ഞാന്‍ ഭയന്നത്. ആദ്യം എനിക്ക് അവരെ നിയന്ത്രിക്കണം. എന്നിട്ടേ പ്രതിഷേധക്കാരെ നിയന്ത്രിക്കാനാവൂ”

ശനിയാഴ്ചത്തെ പ്രതിഷേധ പ്രകടനം അക്രമാസക്തമായി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പട്‌നായിക് അവിടെയെത്തിയിരുന്നു. അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. 1992ലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടശേഷമുണ്ടായ സംഭവങ്ങള്‍ അവരെ ഓര്‍മിപ്പിക്കുകയും ചെയ്തു. അത്തരം ദുരന്തകള്‍ ഇവിടെ ആവര്‍ത്തിച്ചു കാണാന്‍ തനിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

അതിനിടെ മുംബൈ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സൈബര്‍ ക്രൈം യൂണിറ്റും അന്വേഷണത്തില്‍ സഹായിക്കും. മ്യാന്‍മര്‍, ആസാം അക്രമങ്ങളെക്കുറിച്ചുള്ള ദൃശ്യങ്ങള്‍ മൊബൈലിലൂടെ പ്രചരിച്ചതാണ് മുംബൈ അക്രമത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെക്കുറിച്ച് പരിശോധിക്കും.

സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് എന്തെങ്കിലും തരത്തിലുള്ള അധോലോക ബന്ധങ്ങളുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more