| Tuesday, 14th December 2021, 6:47 pm

'ഉണക്കമുന്തിരിയുടെ' പശ്ചാത്തലത്തില്‍ കേട്ടത് മുഴുവന്‍ മനുഷ്യശബ്ദങ്ങള്‍; വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്‍, കല്ല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഹൃദയത്തിലെ ഓരോ ഗാനവും ടീസറും പുറത്തിറങ്ങുമ്പോള്‍ ട്രെന്‍ഡിങ്ങില്‍ ഇടം പിടിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ഉണക്കമുന്തിരി’ എന്ന പാട്ടും പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. പ്രണവിന്റെയും കല്യാണിയുടെയും പ്രണയ ഭാവങ്ങള്‍ പകര്‍ത്തിയ ഗാനം ആലപിച്ചത് ദിവ്യാ വിനീതും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ്.

ഇപ്പോഴിതാ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സംഗീത ഉപകരണം പോലും ഉപയോഗിച്ചിട്ടില്ല എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നത് മുഴുവനും മനുഷ്യ ശബ്ദങ്ങളാണ്. ഗാനം പുറത്തിറങ്ങിയതിന് ശേഷം അധികമാരും ശ്രദ്ധിക്കാത്ത ഒരു കാര്യമായിരുന്നു ഇത്.

തലശ്ശേരി സ്‌റ്റൈലിലുള്ള വിനീതിന്റെ വരികള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. വിനീതിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ചിത്രം 2022 ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നിത്. നേരത്തെ പുറത്തിറങ്ങിയ ‘ദര്‍ശനാ’ എന്ന് തുടങ്ങുന്ന ഗാനവും ഹിറ്റായിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹൃദയം’. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.

ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: no instrument used in onakkamunthiri song background

We use cookies to give you the best possible experience. Learn more