കൊച്ചി: എ.ഡി.ജി.പി അജിത് കുമാറിനെതിരെ അന്വേഷണമില്ലെന്ന് വിജിലന്‍സ്. തങ്ങള്‍ക്ക് നേരിട്ട് ലഭിച്ച പരാതികളില്‍ അന്വേഷണം വേണ്ടെന്നാണ് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. പരാതികള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ ഏജന്‍സി ഉള്ളതിനാല്‍ അജിത് കുമാറിനെതിരെ വിജിലന്‍സിന്റെ അന്വേഷണം ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരിനെതിരെയും സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സിക്കെതിരെയും നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. അജിത് കുമാറിനെതിരെയുള്ള അന്വേഷണത്തിനായി സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. പരാതി കൊടുത്ത് ഏഴ് ദിവസമായിട്ടും ഒരു നടപടിയും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇല്ലാത്തതിനെ തുടര്‍ന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
അതേസമയം സംസ്ഥാന പൊലീസ് മേധാവി നല്‍കിയ ശുപാര്‍ശ കൂടാതെ വിജിലന്‍സിന് നേരിട്ടും അജിത് കുമാറിനെതിരെ പരാതികള്‍ ലഭിച്ചിരുന്നു. ഇതില്‍ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഢംബര വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി നല്‍കിയ പരാതി, മറ്റൊരു കേസ് ഒത്തുതീര്‍പ്പാക്കാനായ അജിത് കുമാര്‍ ഒന്നര കോടി രൂപ കൈകകൂലി വാങ്ങി, ഭാര്യയുടെയും ഭാര്യാസഹോദരന്റെയും പേരില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട പരാതി എന്നിങ്ങനെ നിരവധി പരാതികള്‍ അജിത് കുമാറിനെതിരെ വിജിലന്‍സിന് ലഭിച്ചിരുന്നു. എന്നാല്‍ ഈ പരാതികളിലൊന്നും വിജിലന്‍സിന്റെ അന്വേഷണം ഉണ്ടാവില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ പരാതിയില്‍ അന്വേഷണം വേണമെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും തീരുമാനമുണ്ടാവട്ടെ എന്നാണ് വിജിലന്‍സ് നല്‍കുന്ന വിശദീകരണം. പി.വി. അന്‍വര്‍ നല്‍കിയ പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം നടക്കുന്നുണ്ടന്നും അതിനാല്‍ തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തുന്നത് സമാന്തര ഇടപെടലായി കണക്കാക്കുമെന്നുമാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍.
അതേസമയം സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുഖ്യമന്ത്രിക്ക് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നത് ഇതിന് നേരെ വിപരീതമായാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കേസായതിനാല്‍ തങ്ങള്‍ക്ക് അന്വേഷിക്കാന്‍ കഴിയില്ലെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നുമായിരുന്നു പ്രത്യേക അന്വേഷണ സംഘം പറഞ്ഞിരുന്നത്.
Content Highlight: no inquiry into complaints against adgp mr ajithkumar; vigilance