ക്രിപ്‌റ്റോ കറന്‍സി ഇടപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൈ മലര്‍ത്തി കേന്ദ്രം; തനിക്കൊന്നും അറിയില്ലെന്ന് നിര്‍മലാ സീതാരാമന്‍
national news
ക്രിപ്‌റ്റോ കറന്‍സി ഇടപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൈ മലര്‍ത്തി കേന്ദ്രം; തനിക്കൊന്നും അറിയില്ലെന്ന് നിര്‍മലാ സീതാരാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th July 2021, 9:12 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ നടത്തിയ ക്രിപ്‌റ്റോ കറന്‍സി ഇടപാടിനെക്കുറിച്ച് സര്‍ക്കാരിന് ഒരു വിവരവും ഇല്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍.

ക്രിപ്‌റ്റോ കറന്‍സി ഇടപാടിനെക്കുറിച്ചോ അത്തരം കറന്‍സി മയക്കുമരുന്ന് കടത്തലിനോ അല്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കലിനോ ഉപയോഗിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും അറിവില്ലെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

രാജ്യസഭയ എം.പിയും മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളുടെ എണ്ണത്തെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട നിക്ഷേപകരുടെ എണ്ണത്തെക്കുറിച്ചും ചോദിച്ചത്.

‘ഈ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചിട്ടില്ല,” എന്നാണ് നിര്‍മലാ സീതാരാമന്‍ മറുപടിയായി പറഞ്ഞത്. ഈ എക്‌സ്‌ചേഞ്ചുകളിലൂടെ മയക്കുമരുന്ന് കടത്തലോ കള്ളപ്പണമിടപാടോ നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് ധനമന്ത്രാലയത്തിന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത്, ഭീകരവാദം എന്നിവയ്ക്ക്
ക്രിപ്‌റ്റോ കറന്‍സി ഉപയോഗിക്കുന്നതിനെതിരെ നേരത്തെ കേന്ദ്രം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതേ സാഹചര്യത്തിലാണ് ഇപ്പോള്‍ രാജ്യത്തെ ക്രിപ്‌റ്റോ കറന്‍സി ഇടപാടിനെക്കുറിച്ച് അറിവില്ലെന്ന് കേന്ദ്രം പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: No information on cryptocurrency exchanges, users: FM Nirmala Sitharaman