ന്യൂദല്‍ഹി:നവംബര്‍ എട്ടിലെ നോട്ടു നിരോധനം കള്ളപ്പണം തടയാന്‍ സഹായിച്ചോ എന്ന ചോദ്യത്തിന് കണക്കുകള്‍ അറിയില്ലെന്ന മറുപടിയുമായി ആര്‍.ബി.ഐ. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ലമെന്റ് സമിതിക്കു മുന്നിലായിരുന്നു ആര്‍.ബി.ഐയുടെ വെളിപ്പെടുത്തല്‍.
നോട്ടുനിരോധനത്തിന്റെ കണക്കുകള്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അസാധുവാക്കിയ 1000,500 നോട്ടുകളില്‍ 90 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ വാര്‍ഷിക വരുമാനറിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ടു നിരോധനത്തിനുശേഷം ഇതാദ്യമായാണ് റിസര്‍വ് ബാങ്ക് ഇതിന്റെ കണക്കുകള്‍ പുറത്തുവിട്ടത്
കഴിഞ്ഞ വര്‍ഷം നവംബര്‍ 8 നായിരുന്നു രാജ്യത്തെ 1000,500 രൂപയുടെ കറന്‍സികള്‍ നിരോധിച്ചത്. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുക്കാനും ഭീകരവാദം തടയാനുമാണ് നിരോധനമെന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നത്.
Also read ‘അപ്പോ വാമനജയന്തിയോ?’; ഇത്തവണ വാമനജയന്തി ആശംസയില്ല; ഓണാശംസകള്‍ നേര്‍ന്ന് അമിത് ഷാ
പിന്‍വലിച്ച 1000 രൂപയുടെ 6.7 ലക്ഷം കോടി രൂപയില്‍ 8900 കോടി രൂപ മാത്രമാണ് ഇനിയും തിരിച്ചുവരാത്തതുള്ളത്. അതായത് 1000 രൂപ കറന്‍സിയുടെ 99 ശതമാനവും തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ പി ചിദംബരം കള്ളപ്പണം വെളുപ്പിക്കാനായിരുന്നോ നോട്ടു നിരോധനം എന്നു ചോദിച്ച് രംഗത്തു വന്നിരുന്നു. 16,000 കോടി തിരിച്ചു വന്നപ്പോള്‍ പുതിയ നോട്ടുകള്‍ പ്രിന്റു ചെയ്യുന്നതിനായി 21,000 കോടി ചിലവഴിച്ചെന്നും ചിദംബരം പറഞ്ഞിരുന്നു.