| Thursday, 18th December 2014, 10:25 am

മദ്രസകള്‍ തീവ്രവാദ പരിശീലനം നല്‍കുന്നുവെന്നതിന് തെളിവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്രസകള്‍ തീവ്രവാദ പരിശീലനം നടത്തുവെന്ന ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. അതേസമയം പശ്ചിമബംഗാളിലെ മൂന്ന് സെമിനാരികളിലൂടെ മതതീവ്രവാദം പ്രചരിപ്പിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

ബംഗ്ലാദേശി കുടിയേറ്റക്കാരുടെ നിയന്ത്രണത്തിലുള്ള സെമിനാരികളിലൂടെയാണ് മതതീവ്രവാദം പ്രചരിപ്പിക്കുന്നതെന്നും ആഭ്യന്തര സഹമന്ത്രി ഹരിഭായ് പറതിഭായ് ചൗധരി വ്യക്തമാക്കി. പൊതുസമൂഹത്തില്‍ നിന്നും സുരക്ഷാ, ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നുമാണ് സര്‍ക്കാറിനു ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.

” മദ്രസകള്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നതു സംബന്ധിച്ച് സര്‍ക്കാറിന് വിവരമൊന്നും ലഭിച്ചിട്ടില്ല. അതേസമയം, ബര്‍ദന്‍ സ്‌ഫോടനക്കേസിന്റെ അന്വേഷണത്തിനിടെ, ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ നിയന്ത്രിക്കുന്ന മൂന്നു മദ്രസകള്‍ മതതീവ്രവാദം പ്രചരിപ്പിക്കുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ബാര്‍മര്‍ ജില്ലയില്‍ മദ്രസകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഈ മദ്രസകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ 2012 ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമുള്ള കുറ്റത്തിനു മദ്രസകളുമായി ബന്ധമുള്ള ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവയെയെല്ലാം നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. സംശയകരമായ പ്രവൃത്തികളിലേര്‍പ്പെട്ടിരിക്കുന്നവരെ സ്ഥിരമായി നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ്, സുരക്ഷാ ഏജന്‍സികള്‍ക്കു റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more