| Wednesday, 6th March 2024, 8:40 am

മെയ് 10ന് ശേഷം ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് കണ്ട് പോകരുത്; മുന്നറിയിപ്പുമായി മാലിദ്വീപ് പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാലിദ്വീപ്: മെയ് 10ന് ശേഷം ഇന്ത്യന്‍ സൈനികരെ രാജ്യത്ത് കണ്ട് പോകരുതെന്ന മുന്നറിയിപ്പുമായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ചൈനയുമായി മാലിദ്വീപ് സൈനിക കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

മെയ് 10ന് ശേഷം സാധാരണ വസ്ത്രം ധരിച്ച് പോലും ഒരു ഇന്ത്യന്‍ സൈനികനെ മാലിദ്വീപില്‍ കണ്ടുപോകരുതെന്നാണ് മുയിസു പറഞ്ഞത്. മാര്‍ച്ച് 10നകം ഇന്ത്യന്‍ സൈനികരുടെ ആദ്യ സംഘത്തെ തിരിച്ചയക്കുമെന്നും മെയ് 10നകം സൈന്യത്തെ പൂര്‍ണമായും രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതില്‍ തന്റെ രാജ്യം വിജയിച്ചെന്നും എന്നാല്‍ പലരും സര്‍ക്കാരിന്റെ തീരുമാനത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘ഇന്ത്യന്‍ സൈന്യം രാജ്യത്ത് നിന്ന് വിട്ട് പോകാന്‍ തയ്യാറാകുന്നില്ല. യൂണിഫോമുകള്‍ അഴിച്ച് വെച്ച് സാധാരണക്കാരുടെ വസ്ത്രത്തില്‍ രാജ്യത്തേക്ക് തിരിച്ചെത്തുന്ന ഇന്ത്യന്‍ സൈന്യം നുണപ്രചരണങ്ങള്‍ നടത്തുകയാണ്. അതില്‍ ആരും വീണ് പോകരുത്’, മുയിസ് പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തെ പുറത്താക്കുന്നതിനോടൊപ്പം രാജ്യത്തിന് നഷ്ടപ്പെട്ട തെക്കന്‍ സമുദ്ര പ്രദേശം മാലിദ്വീപ് പിടിച്ചെടുക്കുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി രണ്ടിന് ദല്‍ഹിയില്‍ വെച്ച് നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് സൈന്യത്തെ പൂര്‍ണമായും പിൻവലിക്കാന്‍ ഇരു രാജ്യവും ധാരണയിലെത്തിയത്. മാലിദ്വീപിലെ മൂന്ന് ഏവിയേഷന്‍ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യന്‍ സൈന്യത്തിന്‍റ നിയന്ത്രണത്തിലാണ്. 88 ഇന്ത്യന്‍ സൈനികരാണ് അവിടെ പ്രവര്‍ത്തിക്കുന്നത്.

ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് മാലിദ്വീപിലെ ആരോഗ്യ മേഖലയിൽ ഉൾപ്പടെ ഇന്ത്യ കാര്യമായ സഹായങ്ങള്‍ നല്‍കി വരികയായിരുന്നു. എന്നാല്‍ 2023ല്‍ മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റായി അധികാരമേറ്റത് മുതല്‍ കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇന്ത്യയുമായുള്ള ബന്ധം മോശമായതിന് പിന്നാലെയാണ് മാലിദ്വീപുമായി ചൈന കരാറിലൊപ്പുവച്ചത്.

Contant Highlight: ‘No Indian troops come May 10, not even in civilian clothing’: Maldives President

We use cookies to give you the best possible experience. Learn more