| Tuesday, 31st March 2015, 9:49 am

പുകയില കാന്‍സറുണ്ടാക്കുമെന്നതിന് ഒരു ഇന്ത്യന്‍ പഠനവും തെളിവു നല്‍കുന്നില്ലെന്ന് പാര്‍ലമെന്ററി പാനല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുകയില ഉല്പന്നങ്ങള്‍ക്കുമേലുള്ള സുരക്ഷാ മുന്നറിയിപ്പിന്റെ വലുപ്പം വര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിക്കുന്നു. ഏപ്രില്‍ ഒന്നിനു മുമ്പ് സുരക്ഷാ മുന്നറിയിപ്പിന്റെ വലുപ്പം വര്‍ധിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ വിവിധ ലോബികളുടെ സമ്മര്‍ദ്ദം കാരണം കേന്ദ്രസര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നും പിന്‍വലിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2003ലെ സിഗരറ്റ്, പുകയിലെ ഉല്പന്ന നിയമത്തിലെ ചട്ടങ്ങള്‍ പരിശോധിക്കുന്ന പാര്‍ലമെന്ററി പാനലായിരുന്നു ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. വിദേശരാജ്യങ്ങളില്‍ ഈ വിഷയത്തില്‍ നടന്ന പഠനം ഇന്ത്യന്‍ സാഹചര്യത്തിലും ശരിയാണെന്നു പറഞ്ഞായിരുന്നു നേരത്തെ സുരക്ഷാ മുന്നറിയിപ്പുകളുടെ വലുപ്പം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചത്.

എന്നാല്‍ പുകയില ഉല്പന്നങ്ങള്‍ കാന്‍സറിനു കാരണമാകുന്നുവെന്നു പറയുന്ന ഒരു ഇന്ത്യന്‍ ഗവേഷണവുമില്ലെന്നാണ് പാര്‍ലമെന്ററി പാനലിന്റെ തലവന്‍ ദിലിപ് ഗാന്ധി ഇപ്പോള്‍ പറയുന്നത്.

പുകയിലെ ഉല്പന്നങ്ങളുടെ പാക്കിലെ ചിത്രസഹിതമുള്ള മുന്നറിയിപ്പിന്റെ വലുപ്പം 40%ത്തില്‍ നിന്നും 85% ആക്കി ഉയര്‍ത്താനായിരുന്നു ദിലിപ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടിരുന്നത്. ആ നിലപാടില്‍ നിന്നാണ് ഗാന്ധിയിപ്പോള്‍ യുടേണ്‍ എടുത്തിരിക്കുന്നത്.

” പുകയിലയ്ക്ക് മോശം ഫലമുണ്ടെന്നു സമ്മതിക്കുന്നു. എന്നാല്‍ പുകയില ഉപയോഗം കാന്‍സറിലേക്കു നയിക്കുന്നുവെന്നു തെളിയിക്കാന്‍ ഇന്ത്യന്‍ സര്‍വ്വേ റിപ്പോര്‍ട്ടില്ല. എല്ലാ പഠനങ്ങളും നടന്നത് വിദേശത്താണ്. പുകയില കാരണം മാത്രമല്ല കാന്‍സറുണ്ടാവുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ നമ്മള്‍ ഈ വിഷയത്തെ പഠിക്കേണ്ടതുണ്ട്.” ദിലിപ് ഗാന്ധി പറഞ്ഞു.

We use cookies to give you the best possible experience. Learn more