തിരുവനന്തപുരം: പി.എല്‍.സി യോഗത്തില്‍ അംഗീകരിച്ച തൊഴിലാളികളുടെ കൂലി വര്‍ദ്ധന അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് തോട്ടം ഉടമകള്‍. 20% ബോണസ് എന്നതും ചെറുകിട തോട്ടം ഉടമകള്‍ക്ക് താങ്ങാനാകുന്നതല്ലെന്നും
ഉടമകളുടെ പ്രതിനിധി വിനയ് രാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പി.എല്‍.സി യോഗത്തിലെ കൂലി വര്‍ദ്ധന അംഗീകരിച്ചത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്നും വിനയ് രാഘവന്‍ വ്യക്തമാക്കി. തൊഴിലാളി പ്രശ്‌നത്തില്‍ നാളെ വീണ്ടും പി.എല്‍.സി യോഗം നടക്കാനിരിക്കെയാണ് തോട്ടം ഉടമകളുടെ തീരുമാനം.
തേയില തൊഴിലാളികള്‍ക്ക് മിനിമം വേതനം 301 എന്നതും റബ്ബര്‍ തൊഴിലാളികള്‍ക്ക് 385 എന്നതും ഉടമകള്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്, തൊഴിലാളികള്‍ക്ക് കൂലി കൂട്ടിനല്‍കണം എന്നാണ് തങ്ങളുടെയും ആഗ്രഹം. പക്ഷേ അന്താരാഷ്ട്ര വിപണിയിലടക്കം ഉല്‍പ്പന്നങ്ങളുടെ വില ഇടിയുന്ന സാഹചര്യത്തില്‍ കൂലി വര്‍ദ്ധന ഫാക്ടറികള്‍ പൂട്ടിപ്പോകാനേ ഇടയാക്കൂ എന്നും രാജ്‌മോഹന്‍ പറഞ്ഞു. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാലാണ് കൂലി വര്‍ദ്ധന അംഗീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
കൂലി കൂട്ടി നല്‍കുന്ന അവസരത്തില്‍ സര്‍ക്കാര്‍ ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നെന്നും എന്നാല്‍ ഇത് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും വിനയ് രാഘവന്‍ പറഞ്ഞു. ഇതിന്റെ പേരില്‍ സമരം നടക്കുകയാണെങ്കില്‍ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തങ്ങളെ കൂലി വര്‍ദ്ധനവിന്റെ പേരില്‍ ദയവായി കബളിപ്പിക്കരുതെന്നും, കബളിപ്പിച്ചാല്‍ ഇതുവരെ കണ്ട സമരരീതിയല്ല തങ്ങല്‍ സ്വീകരിക്കുകയെന്നും പെമ്പിള ഒരുമൈ പ്രതിനിധി ലിസി പറഞ്ഞു. തങ്ങളോട് പറഞ്ഞ വാക്കു മാറ്റാനാണ് തൊഴില്‍ മന്ത്രിയും മുഖ്യമന്ത്രിയും ഉദ്ദേശിക്കുന്നതെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.
പി.എല്‍.സി യോഗത്തില്‍ അംഗീകരിച്ച വ്യവസ്ഥയില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. സര്‍ക്കാരിനെയും ജനങ്ങളെയും പറ്റിച്ചുകൊണ്ട് തോട്ടം നടത്തിക്കൊണ്ടുപോകാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാറിലെ സമരത്തെത്തുടര്‍ന്ന് 20% ബോണസ് നല്‍കാനും മിനിമം കൂലി കൂട്ടി നല്‍കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവരും തോട്ടം ഉടമകളും ട്രേഡ് യൂണിയന്‍ നേതാക്കളും നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു.