ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവശ്യ മരുന്നുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാളവ്യ. അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ അല്ലെന്നും ഹോള്‍സെയില്‍ വില സൂചികയുടെ അടിസ്ഥാനത്തിലാണ് മരുന്നിന്റെ വില നിശ്ചയിക്കുന്നതെന്നും ഹോള്‍സെയില്‍ വില സൂചിക ഉയരുമ്പോള്‍ മരുന്ന് വിലയും ഉയരുമെന്നും മന്ത്രി പറഞ്ഞു.
മരുന്നുകളുടെ വിലയില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും വില വര്‍ധനവ് വരുത്തിയിട്ടില്ലെന്നും അതിന് പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാരസെറ്റാമോള്‍ ഉള്‍പ്പെടെ എണ്ണൂറില്‍ അധികം മരുന്നുകളുടെ വില 10.7 ശതമാനമാണ് വര്‍ധിച്ചത്.
ഡ്രഗ് പ്രൈസിങ് അതോറിറ്റിയാണ് മരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. മൊത്ത വില സൂചികയുമായി ബന്ധപ്പെട്ടാണ് 10.7 ശതമാനം വരെ വിലവര്‍ധന നടപ്പാക്കാന്‍ ശുപാര്‍ശ ചെയ്തത്. വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനം വന്നത്.
പനി, ഇന്‍ഫെക്ഷന്‍, ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയാണ് വര്‍ധിച്ചത്. പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ മരുന്നുകളുടെ വിലയും വലിയതോതില്‍ കൂടി.
Content Highlights: No increase effected by govt in medicine prices: Mandaviya