ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി മോദിസര്‍ക്കാര്‍ ഉയര്‍ത്തി കാണിച്ച ഡിജിറ്റല്‍ എക്കണോമി നടപ്പിലായില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 90 ശതമാനം ഇടപാടുകളും കറന്‍സി മാര്‍ഗ്ഗം തന്നെ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നാഷണല്‍ പേയിമെന്റ്‌സ് കോര്‍പ്പറേഷന്‍ പുറത്ത് വിട്ട വിവരങ്ങള്‍ ഉപയോഗിച്ച് എന്‍. ഡി. ടി. വി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമായത്. 2016 നവംബര്‍ മുതല്‍ ഇലക്ട്രോണിക് ഇടപാടുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നുവെങ്കിലും അത് അധിക കാലം തുടര്‍ന്നില്ല.
2016 നവംബര്‍ മുതല്‍ ജനുവരി വരെ നടന്ന് ഇടപാടുകളുടെ എണ്ണം വളരെ കൂടതലാണെങ്കിലും ഇടപാടുകളുടെ മൂല്യം മാസംതോറും കുറയുകയായിരുന്നു എന്ന് നാഷണല്‍ പേയിമെന്റ്‌സ് കോര്‍പ്പറേഷന്റെ കണക്കുകള്‍ തെളിയിക്കുന്നു.
നിരോധിച്ച 500,1000 രൂപ നോട്ടുകളില്‍ 97.3% തിരിച്ചെത്തിയത് പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളെ പൊളിച്ചിരുന്നു. നികുതിയായി പിരിച്ച പണത്തില്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും അതിന് നഷ്ടങ്ങള്‍ നികത്താന്‍ കഴിയില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നോട്ട് നിരോധനം രണ്ടാം വാര്‍ഷികത്തിലേക്ക് കടക്കുന്ന അവസരത്തില്‍ നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളായി മോദി സര്‍ക്കാര്‍ മുന്നോട്ട് വച്ച കാര്യങ്ങളൊന്നും കൈവരിക്കാന്‍ കഴിഞ്ഞില്ല എന്നത് തെളിഞ്ഞു കഴിഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക നിലയെ തകര്‍ത്തും ജനങ്ങള്‍ ദുരിതമനുഭവിച്ചും നടപ്പിലാക്കിയ നോട്ട് നിരോധനം ഒരു സമ്പൂര്‍ണ്ണ പരാജയമാണെന്ന് തുറന്ന് കാട്ടുന്നതാണ് എന്‍ ഡി ടി വിയുടെ റിപ്പോര്‍ട്ട്.
കള്ള നോട്ടുകള്‍ കണ്ടെത്തും എന്ന വാദവും നിലനിന്നിരുന്നില്ല. ഫോട്ടോകോപ്പി നോട്ടുകളല്ലാതെ മറ്റ് കള്ള നോട്ടുകള്‍ ഒന്നും അടുത്ത കാലങ്ങളില്‍ കണ്ടെത്തിയില്ല. നോട്ട് നിരോധനത്തിന്റെ ഹ്രസ്വകാല നേട്ടമായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടി കാണിക്കുന്നത് നിലവിലുള്ള കള്ള നോട്ടുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞു എന്നത് മാത്രമാണ്.