ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടി; ചന്ദ്രബാബു നായിഡുവിന് തിരിച്ചടി
national news
ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടി; ചന്ദ്രബാബു നായിഡുവിന് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd October 2023, 4:50 pm

ന്യൂദല്‍ഹി: അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി ഒമ്പതാം തീയതിയിലേക്ക് മാറ്റി. ഏകദേശം 50 മിനിട്ടോളം നീണ്ടുനിന്ന ഹിയറിങ്ങില്‍ അഴിമതിനിരോധന നിയമത്തിലെ സെക്ഷന്‍ 17 എയുടെ പ്രായോഗികക്ഷമതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കിയത്.

ഹൈകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന എല്ലാ രേഖകളും ഹാജരാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. നായിഡുവിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, അഭിഷേക് സിങ്‌വി, സിദ്ധാര്‍ഥ് ലുത്ര എന്നിവരാണ് ഹാജരാകുന്നത്.

തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി) അധികാരത്തിലിരുന്ന സമയത്ത് സ്ഥാപിതമായ ആന്ധ്രപ്രദേശ് സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടുള്ള 371 കോടി രൂപയുടെ അഴിമതി കേസിലാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്.

2015ല്‍ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി ആയിരിക്കെയാണ് സംസ്ഥാനത്തുടനീളം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വൈദഗ്ധ്യ നൈപുണ്യ വികസന പദ്ധതി എന്ന് പേരില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ആരംഭിച്ചത്.

ഇതിന്റെ ഭാഗമായി ആരോപണമുയര്‍ന്ന അഴിമതിക്കേസിലാണ് ആദ്യഘട്ടത്തില്‍ ഇ.ഡിയും ആന്ധ്രപ്രദേശ് സി.ഐ.ഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2021ല്‍ ചന്ദ്രബാബു നായിഡുവിനെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തി. കേസില്‍ ഒന്നാം പ്രതിയാണ് ചന്ദ്രബാബു നായിഡു.

Content Highlights: No immediate reprieve from Supreme Court to Chandrababu Naidu