ദല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമമനുസരിച്ചുള്ള അടിയന്തിര അറസ്റ്റില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ഈ നിയമം ദുരുപയോഗം ചെയ്യുന്നതിനെ മുന്‍നിര്‍ത്തിയാണ് കോടതിയുടെ നിര്‍ദേശം.
എസ്.സി-എസ്.ടി ആക്ട് പ്രകാരം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യുന്നതിനു മുമ്പ്, ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിനു താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ പ്രാഥമിക അന്വേഷണം അനിവാര്യമാണെന്ന് കോടതി പറഞ്ഞു. കര്‍ശനമായ വ്യവസ്ഥകളുള്ള ഈ നിയമം നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് ഒരു തടസവുമില്ലെന്നും ജസ്റ്റിസ് ആദര്‍ശ് ഗോയല്‍, യു. യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ മാത്രമെ പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമമനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഡോ. സുഭാഷ് കാശിനാഥ് മഹാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.