| Friday, 15th December 2023, 12:42 pm

ഹാദിയ നിയമവിരുദ്ധ തടങ്കലിലല്ല; പിതാവ് നല്‍കിയ ഹരജിയില്‍ നടപടികള്‍ അവസാനിപ്പിച്ച്‌ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹാദിയ കേസിലെ നടപടികള്‍ അവസാനിപ്പ് ഹൈക്കോടതി. പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലെ നടപടികളാണ് ഹൈക്കോടതി അവസാനിപ്പിച്ചത്. ഹാദിയ നിയമവിരുദ്ധ തടങ്കലില്ല എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടികള്‍ അവസാനിപ്പിച്ചത്. ഹാദിയയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

പുനര്‍വിവാഹ ശേഷം ഹാദിയ തിരുവനന്തപുരത്ത് താമസിക്കുകയാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. തന്നെ ആരും തടങ്കലില്‍ പാര്‍പ്പിച്ചതല്ലെന്ന ഹാദിയയുടെ മൊഴിയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കോടതി നടപടികള്‍ അവസാനിപ്പിച്ചത്.

മലപ്പുറത്തുള്ള സൈനബ എന്ന വ്യക്തി തന്റെ മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന് കാണിച്ചായിരുന്നു ഹാദിയയുടെ പിതാവ് അശോകന്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചിരുന്നത്. മകളെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല എന്നും മലപ്പുറത്തെ മകളുടെ ക്ലിനിക്ക് പൂട്ടിക്കിടക്കുകയാണെന്നും അശോകന്റെ ഹരജിയില്‍ പറഞ്ഞിരുന്നു. മാത്രവുമല്ല മകളെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും അശോകന്റെ ഹരജിയില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഈ ഹരജി പരിഗണിക്കുമ്പോള്‍ മലപ്പുറം ജില്ല പൊലീസ് മേധാവിക്കും ഡി.ജി.പിക്കും കാര്യങ്ങളില്‍ വ്യക്തത തേടിക്കൊണ്ട് കോടതി നോട്ടീസ് നല്‍കിയിരുന്നു. ഹാദിയയുടെ സ്‌റ്റേറ്റ്‌മെന്റ് ലഭ്യമാക്കാനും കോടതി ഉന്നതപൊലീസ് മേധാവികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നു.

ഈ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഹരജി പരിഗണിക്കവെ പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടില്‍ ഹാദിയ പുനര്‍വിവാഹം ചെയ്ത് തിരുവനന്തപുരത്ത് താമസിക്കുകയാണെന്ന മറുപടിയാണുണ്ടായിരുന്നത്. മാത്രവുമല്ല താന്‍ സുരക്ഷിതയാണെന്ന ഹാദിയയുടെ മറുപടിയും പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹരജി കോടതി തിര്‍പ്പാക്കിയിരിക്കുന്നത്. ഇതില്‍ ഇനി തുടര്‍നടപടികളുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനു ശിവരാമനാണ് നടപടികള്‍ അവസാനിപ്പിച്ച് കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.

നേരത്തെ സംഘപരിവാര്‍ കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പിതാവ് ഇത്തരത്തിലൊരു ഹരജി നല്‍കിയത് എന്ന് ഹാദിയ പറഞ്ഞിരുന്നു.

content highlights: No illegal detention of Hadiya; The court ended the proceedings on the plea filed by the father

Latest Stories

We use cookies to give you the best possible experience. Learn more