മുംബൈ: മുഖ്യമന്ത്രിപദം സംബന്ധിച്ച് മഹാരാഷ്ട്രയില്‍ ദിവസങ്ങളായി നടക്കുന്ന രാഷ്ട്രീയത്തര്‍ക്കം പരിഹരിക്കാന്‍ ആര്‍.എസ്.എസ് ഇടപെടല്‍. ശിവസേനയെക്കൂടാതെ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കരുതെന്ന് ആര്‍.എസ്.എസ് ബി.ജെ.പിയോട് നിര്‍ദ്ദേശിച്ചു. അവിശുദ്ധ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും വേണ്ടിവന്നാല്‍ പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറെടുക്കാനും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് നിര്‍ദ്ദേശിച്ചതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
‘പ്രതിപക്ഷത്തിരുന്നു ജനങ്ങളെ സേവിക്കാന്‍ തയ്യാറാവണം. പക്ഷേ കുതിരക്കച്ചവടം പോലെ ബി.ജെ.പിക്കു ഭാവിയില്‍ ദോഷം വരുന്ന അവിശുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമാകരുത്.’- സേനാ വൃത്തങ്ങള്‍ മുംബൈ മിററിനോടു പറഞ്ഞു.
ഭാഗവതിനോട് വിഷയത്തില്‍ ഇടപെടാന്‍ സേനാ നേതാവ് കിഷോര്‍ തിവാരി ആവശ്യപ്പെട്ടിരുന്നു. അതേസമയം സഖ്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.
രണ്ടര വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രിപദം നല്‍കാന്‍ തയ്യാറാണെങ്കില്‍ മാത്രം ബി.ജെ.പി ശിവസേനയെ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേനാ എം.എല്‍.എമാരുടെ യോഗത്തില്‍ സംസാരിക്കവെയാണ് ഉദ്ധവ് താക്കറെ നിലപാട് ആവര്‍ത്തിച്ചത്.
‘സഖ്യം തകര്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ബി.ജെ.പി വാക്കുപാലിച്ചാല്‍ മതി. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ തീരുമാനമെടുത്തത് അംഗീകരിച്ചാല്‍ ബി.ജെ.പിയുടെ ഉന്നതരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്.
രണ്ടര വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രി പദവി ശിവസേനയ്ക്ക് നല്‍കുമെന്ന് ഉറപ്പിച്ചിട്ട് ബി.ജെ.പി വിളിക്കട്ടെ. എന്നാല്‍ ചര്‍ച്ചകള്‍ക്ക് പോവാം. അല്ലെങ്കില്‍ ഞങ്ങളെ വിളിക്കേണ്ടതില്ല.’- ഉദ്ധവ് താക്കറെ പറഞ്ഞു.
‘ആത്മാഭിമാനമുള്ള പാര്‍ട്ടിയാണ് ശിവസേന. ഒറ്റയ്ക്ക് അധികാരം കൈക്കലാക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. തെരഞ്ഞെടുപ്പിലുണ്ടാക്കിയിരുന്ന ധാരണ പ്രകാരം വാക്കു പാലിക്കാന്‍ ബി.ജെ.പി തയ്യാറാകുന്നില്ലെങ്കില്‍ ചര്‍ച്ചകള്‍ക്കൊണ്ട് പ്രയോജനമില്ല’.- ഉദ്ധവ് താക്കറെ പറഞ്ഞു.\