| Friday, 20th April 2018, 11:13 am

'ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുണ്ട്...പക്ഷെ ഇനിയും പ്രതീക്ഷയില്ല'; സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി ലോയയുടെ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹരജികള്‍ തള്ളിയ സുപ്രീംകോടതി വിധി നിരാശജനകമെന്ന് ലോയയുടെ കുടുംബം. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത്തരമൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും ലോയയുടെ അമ്മാവനായ ശ്രീനിവാസ് ലോയ പറഞ്ഞു.

” സ്വതന്ത്ര അന്വേഷണം സംഭവിക്കുമെങ്കില്‍ നന്നായേനെ… പക്ഷെ ഇനി ഞങ്ങള്‍ക്ക് പ്രതീക്ഷയില്ല…ആരിലും. മാധ്യമങ്ങളും പ്രതിപക്ഷവും പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഒന്നും സംഭവിക്കാനിടയില്ല.”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനിയും കേസില്‍ പ്രതീക്ഷയില്ലെന്ന് ലോയയുടെ സഹോദരി അനുരാധ ബിയാനിയും പറഞ്ഞു. ” ഞാന്‍ എന്ത് പറയാനാണ്? ഇനിയും പ്രതീക്ഷ ബാക്കിയില്ല. കഴിഞ്ഞ നാലുവര്‍ഷമായി ഒന്നും പറയാതെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.” അവര്‍ കൂട്ടിച്ചേര്‍ത്തു.


Also Read:  കര്‍ണാടക തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗീയ പ്രസംഗം: ബി.ജെ.പി നേതാവ് സഞ്ജയ് പാട്ടീലിനെതിരെ കേസ്


ജഡ്ജി ലോയയുടേത് സ്വാഭാവിക മരണമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ലോയ കേസില്‍ തുടരന്വേഷണമില്ലെന്നും കോടതി പറഞ്ഞു. ലോയ കേസില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഹരജി ആണ് സുപ്രീം കോടതി തള്ളിയത്

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഹരജിക്കാരന്‍ ശ്രമിച്ചെന്നും ഗൂഢലക്ഷ്യത്തോടെയുള്ള ഹരജികള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ലോയക്കൊപ്പമുണ്ടായിരുന്ന ജഡ്ജിമാരെ അവിശ്വസിക്കാനാവില്ല. ഹരജിക്കാരന്‍ ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയായിരുന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more