|

വീടില്ല, ഉപജീവന മാര്‍ഗം നഷ്ടമായി; പരിശോധിക്കാനെത്തിയവര്‍ നേരെ നോക്കിയത് എന്റെ ബാഗില്‍; ലഹരിച്ചതിയെക്കുറിച്ച് യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തന്റെ ഉപജീവന മാര്‍ഗവും വീടും നഷ്ടമായെന്ന് ലഹരി മയക്ക് കണ്ടെത്തിയെന്ന ഇല്ലാത്ത കുറ്റത്തിന് രണ്ടരമാസം ജയിലിലായ ചാലക്കുടി സ്വദേശിനിയായ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണി. ഷീലയുടെ പക്കല്‍ നിന്ന് പിടിച്ചത് ലഹരിമരുന്നല്ലെന്നും എല്‍.എസ്.ഡി. സ്റ്റാംപിന്റെ പ്രിന്റ് ഔട്ട് മാത്രമാണെന്നുള്ള രാസപരിശോധനാഫലം വന്നതിന് ശേഷം മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഷീല. താന്‍ നിരപരാധിയാണെന്ന് പറഞ്ഞിരുന്നെന്നും സംശയമുള്ളവരെ പറഞ്ഞ് കൊടുത്തപ്പോള്‍ എക്‌സൈസ് ചോദ്യം ചെയ്തില്ലെന്നും ഷീല കൂട്ടിച്ചേര്‍ത്തു.

‘എന്റെ ഉപജീവന മാര്‍ഗമായിരുന്നു പാര്‍ലര്‍. ഇപ്പോള്‍ അതുമില്ല. വീടില്ല. ബന്ധുക്കളുടെയും നാട്ടുകാരുടെയും കൂട്ടുകാരുടെയും മുമ്പില്‍ ഞാന്‍ കുറ്റവാളിയാണ്. ഇത് ആരാണ് ചെയ്തതെന്ന് എങ്ങനെയെങ്കിലും കണ്ടെത്തണം.

ഫെബ്രുവരി 27ാ തിയ്യതി വൈകിട്ട് അഞ്ച് അഞ്ചര മണിയോടെയാണ് കുറേ ഓഫീസര്‍മാര്‍ വന്നത്. ഞാന്‍ ഇവിടെ മയക്ക് മരുന്ന് ബിസിനസാണ് ചെയ്യുന്നതെന്നും പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു, പരിശോധിച്ചോളൂവെന്ന്. നമുക്കറിയാല്ലോ നമ്മള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന്. വേറെ എവിടെയും അവര്‍ നോക്കിയില്ല. പാര്‍ലറില്‍ ഇഷ്ടം പോലെ സ്ഥലമുണ്ട്. പക്ഷേ അവര്‍ കറക്റ്റായിട്ട് വന്ന് എന്റെ ബാഗ് പരിശോധിച്ചു. ആരോ വിളിച്ച് പറഞ്ഞത് പോലെ ആ ബാഗിന്റെയുള്ളില്‍ അറയുടെയുള്ളില്‍ നിന്ന് അവര്‍ സാധനം എടുത്തു.

തുടര്‍ന്ന് മകനെ വിളിപ്പിച്ചാണ് വണ്ടി പരിശോധിച്ചത്. വണ്ടിയില്‍ നിന്നും ബാഗില്‍ നിന്നുമായി രണ്ട് പൊതികളെടുത്തു. എന്നിട്ട് അവര്‍ പറഞ്ഞു ഇതാണ് മയക്കുമരുന്നെന്ന്. എന്താണ് സംഭവിക്കുന്നതെന്ന് കൂടി എനിക്ക് അറിയില്ല. ഒരു മണിക്കൂറിനുള്ളില്‍ ചാലക്കുടിയില്‍ എക്‌സൈസ് ഓഫീസില്‍ അവരെന്നെ കൊണ്ടുപോയി. അത് കഴിഞ്ഞ് കുറേ ചാനല്‍ക്കാര്‍ വന്നു, എന്റെ ഫോട്ടോ എടുത്തു.

അപ്പോള്‍ വേറൊരു ഓഫീസര്‍ വന്ന് തല കുമ്പിട്ടിരിക്കാന്‍ പറഞ്ഞു. എനിക്ക് അറിയില്ലായിരുന്നു ഇത് വാര്‍ത്തയാകുമെന്നും ജയിലില്‍ കൊണ്ടുപോകുമെന്നും. തിരികെ വീട്ടില്‍ പോകാമെന്നാണ് ഞാന്‍ കരുതിയത്,’ ഷീല പറഞ്ഞു.

നിങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയുള്ളത് കൊണ്ട് നിങ്ങള്‍ ഇത് ചെയ്തതാണെന്നും ഒരു മാസമായി തന്നെ കുറിച്ച് പരാതി വരുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അവര്‍ പറഞ്ഞു.

‘ബാഗ് നിങ്ങളല്ലേ ഉപയോഗിക്കാറ് പിന്നെയെങ്ങനെയാണ് ഇത് വരികയെന്ന് ചോദിച്ചു. ബാഗും വണ്ടിയും ഞാനാണ് ഉപയോഗിക്കാറെന്ന് ഞാന്‍ പറഞ്ഞു. അവര്‍ കുറേ ചോദിച്ചപ്പോള്‍ എനിക്ക് സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് സാമ്പത്തിക ബാധ്യതയുള്ളത് കൊണ്ടാണ് നിങ്ങള്‍ ഇത് ചെയ്തതെന്ന് അവര്‍ പറഞ്ഞു. ഒരു മാസമായി എന്നെ കുറിച്ച് പരാതി വന്നിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്.

അപ്പോള്‍ ഒരു മാസമായി ഞാന്‍ എങ്ങോട്ടാണ് പോകുന്നതെന്ന് നിങ്ങള്‍ക്ക് മനസിലായിട്ടുണ്ടാകില്ലേയെന്ന് അവരോട് ചോദിച്ചു. ഞാന്‍ പറയുന്നതൊന്നും അവര്‍ കേള്‍ക്കുന്നില്ലായിരുന്നു. തുടര്‍ന്ന് വൈകിട്ട് എന്നെ ജയിലില്‍ കൊണ്ടുപോയി.

ആരെങ്കിലും കുടുക്കാന്‍ വേണ്ടി ചെയ്തതാണെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. എനിക്ക് വേറെ ശത്രുക്കളൊന്നും പുറത്തില്ല. പാര്‍ലര്‍ ഞാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷമായി. ചെറിയ പാര്‍ലറാണ്. പരാതികളൊന്നുമില്ലാതെ നല്ല രീതിയിലാണ് പോകുന്നത്.

സംഭവം നടന്നതിന്റെ തലേ ദിവസം ഞായറാഴ്ച മരുമകളും അനിയത്തിയുമുണ്ടായിരുന്നു. അവരെയാണ് സംശയം. എന്നാല്‍ അവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അവരുമായി ശത്രുതയില്ല. സാമ്പത്തികമായ ഇടപാടുണ്ട്. ഇനി എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് അറിയില്ല.

എന്നെ മറയാക്കി അവര്‍ ബിസിനസ് ചെയ്യുകയാണോ എന്നും എനിക്ക് അറിയുകയില്ല. എനിക്ക് അറിയാം ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന്. ഇത് ബാഗിലുള്ള വിവരം കൂടി ഞാന്‍ അറിയില്ല. ഈ സ്റ്റാമ്പ് ഞാന്‍ കണ്ടിട്ട് കൂടിയില്ല. മയക്കുമരുന്നെന്ന് നമ്മള്‍ കേള്‍ക്കുന്നത് മാത്രമേയുള്ളൂ, നമ്മളിത് നേരിട്ട് കണ്ടിട്ടൊന്നുമില്ല.

ഇത് കൊണ്ടുവെച്ച ആളെ കണ്ടെത്തണം. ഞാന്‍ ഈ വിവരമൊക്കെ എക്‌സൈസ് ഓഫീസറോട് പറഞ്ഞിട്ടും ഇത് വരെ അവരെ ചോദ്യം ചെയ്തിട്ടില്ല. എക്‌സൈസും ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. അവര്‍ വീണ്ടും എന്നെ കുറ്റവാളിയായിട്ടാണ് കാണുന്നത്.

കഴിഞ്ഞയാഴ്ച അവരെന്നെ വിളിച്ചിരുന്നു. അന്നത്തെ ദിവസം പാര്‍ലറില്‍ 10 മണിക്ക് ഒരു പയ്യന്‍ വന്നുവെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ അന്ന് ഞാന്‍ പാര്‍ലറില്‍ 11 മണിക്ക് ശേഷമാണ് പോയത്,’ ഷീല പറഞ്ഞു.

കേസില്‍ 72 ദിവസമാണ് ഷീല ജയിലില്‍ കിടന്നത്. അവസാനം, ഹൈക്കോടതി ജാമ്യം നല്‍കുകയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബ്യൂട്ടിപാര്‍ലറില്‍ എത്തി ഹാന്‍ഡ് ബാഗില്‍ നിന്നും സ്‌കൂട്ടറില്‍ നിന്നും എല്‍.എസ്.ഡി. സ്റ്റാംപല്ലെന്ന് കണ്ടെകത്തിയ വസ്തു പിടിച്ചെടുക്കുകയായിരുന്നു.

CONTENT HIGHLIGHTS: no home; Loss of livelihood; Officials said I did it because of financial burden: Sheela Sunny