പെണ്‍കുട്ടികള്‍ ഹോളി ആഘോഷിക്കേണ്ട; ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോസ്റ്റലുകള്‍
India
പെണ്‍കുട്ടികള്‍ ഹോളി ആഘോഷിക്കേണ്ട; ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോസ്റ്റലുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th March 2017, 9:22 pm

 

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോളി ദിനത്തില്‍ ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങുന്നതിന് വിലക്ക്. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഹൗസ് ഫോര്‍ വുമണ്‍(ഐ.എസ്.എച്ച്.ഡബ്ല്യു)യും മേഘ്ദൂത് ഹോസ്റ്റല്‍ അധികൃതരുമാണ് ഹോളി ദിനത്തില്‍ പെണ്‍കുട്ടികള്‍ ഹോസ്റ്റലിന് പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.


Also read തട്ടമിടുന്നതിന് ബദലായി യൂണിഫോമിനോടൊപ്പം കാവി ഷാള്‍; മംഗളൂരുവില്‍ മതസ്പര്‍ധ വളര്‍ത്തി സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം 


വിദ്യാര്‍ത്ഥികളുടെ നന്മയ്ക്ക് വേണ്ടിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഏകപക്ഷീയമായ തീരുമാനമാണ് ഹോസ്റ്റല്‍ അധികൃതര്‍ സ്വീകരിച്ചതെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികളും രംഗത്തെത്തി.

“മാര്‍ച്ച് 12 രാത്രി ഒമ്പത് മണി മുതല്‍ മാര്‍ച്ച് 13ന് വൈകീട്ട് ആറ് മണി വരെ താമസക്കാരും അതിഥികളും ഹോസ്റ്റല്‍ പരിസരം വിട്ട് പോകുന്നതിനോ അകത്ത് പ്രവേശിക്കുന്നതിനോ അധികാരമില്ല. 12നു രാത്രി വൈകി വരുന്നവരെ ഹോസ്റ്റലിനകത്ത് പ്രവേശിപ്പിക്കില്ല. ഹോളി ആഘോഷിക്കാന്‍ ആഗ്രഹമുള്ളവര്‍ ഹോസ്റ്റല്‍ പരിസരത്ത് ആഘോഷിക്കണ”മെന്നാണ് ഹോസ്റ്റലില്‍ പതിച്ച നോട്ടീസില്‍ പറയുന്നത്.

 

മേഘ്ദൂത് ഹോസ്റ്റലിലെ നോട്ടീസില്‍ മാര്‍ച്ച് 13ന് രാവിലെ ആറ് മുതല്‍ വൈകീട്ട് അഞ്ചരവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹോളി ആഘോഷങ്ങളുടെ പ്രധാന പാനീയമായ “താണ്ടൈ” എന്ന പേരില്‍ മയക്കുമരുന്നുകള്‍ ആരും കഴിക്കരുതെന്നും നോട്ടീസില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

എന്നാല്‍ ഹോസ്റ്റലുകളുടെ വിലക്കിനെതിരെ “പിന്‍ജ്ര ടോഡ്” എന്ന ഫേസ്ബുക്ക് കൂട്ടായ്മ രംഗത്തെത്തിയിട്ടുണ്ട്. ഹോസ്റ്റലുകളിലെ ലോക്കുകള്‍ തകര്‍ക്കുക എന്ന പേരിലാണ് വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം. ബന്ധിപ്പിക്കുന്ന എല്ലാ കൂടുകളും തകര്‍ക്കണമെന്നും സ്വതന്ത്രരായി ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട് പിന്‍ജ്ര ടോഡിന്റെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമാണ് രംഗത്തെത്തിയിരിക്കുന്നത്.