ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി.
തെരഞ്ഞെടുപ്പ് നടന്ന ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനായി സഖ്യത്തിന് ശ്രമിക്കുന്ന ശിവസേനയുടെ നടപടിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് തള്ളി സുപ്രീം കോടതി തള്ളിയത്.
ഹരജി ഇപ്പോള്‍ പരിഗണിക്കില്ലെന്നും വിഷയത്തില്‍ പിന്നീട് വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ വോട്ടെടുപ്പിന് ശേഷം അധികാരത്തിലെത്താനായി സഖ്യമുണ്ടാക്കി വോട്ടര്‍മാരെ വഞ്ചിക്കുകയാണെന്നായിരുന്നു ഹരജിയില്‍ പറഞ്ഞത്.
ബി.ജെ.പിക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സേനയുടെ നിലപാട് മാറ്റം എന്‍.ഡി.എയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്നതാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.
പ്രമോദ് പണ്ഡിറ്റ് ജോഷി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ കേന്ദ്രത്തോടും സംസ്ഥാനത്തോടും വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ടിരുന്നു. ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്നും മുഖ്യമന്ത്രിയെ നിയമിക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അപേക്ഷ സുപ്രീം കോടതി നിരസിക്കുകയായിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ നിയമാനുസൃതമായ സഖ്യമില്ലാതെ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ശിവസേനയുടെയും എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും നടപടി ഒരു ജനകീയ സര്‍ക്കാരിന് ചേര്‍ന്നതല്ല”അഭിഭാഷകന്‍ വഴി സമര്‍പ്പിച്ച ഹരജിയില്‍ ബറൂണ്‍ കുമാര്‍ സിന്‍ഹ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടെടുപ്പിന് ശേഷം സഖ്യം ചേര്‍ന്ന് അധികാരത്തിലെത്തുന്നത് ഭരണഘടന പ്രകാരം അനുവദനീയമല്ലെന്നും അത് ജനഹിതമല്ലെന്നും അദ്ദേഹം ഹരജിയില്‍ പറഞ്ഞിരുന്നു.
ഒക്ടോബര്‍ 21 ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച ബി.ജെ.പിയും ശിവസേനയും 288 അംഗ നിയമസഭയില്‍ യഥാക്രമം 105, 56 സീറ്റുകളായിരുന്നു നേടിയത്.
ഇതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന സേനയുടെ ആവശ്യം ബി.ജെ.പി തള്ളി. ഇതോടെയാണ് ശിവസേന-എന്‍.സി-പി കോണ്‍ഗ്രസ് സഖ്യം സര്‍ക്കാരുണ്ടാക്കാനുള്ള ധാരണയില്‍ എത്തിയത്.