കൊൽക്കത്ത: കൊൽക്കത്തയിലെ പ്രശസ്തമായ റെഡ് റോഡിൽ ഏപ്രിൽ 12ന് നടത്താനിരുന്ന ‘ഹനുമാൻ ചാലിസ പാഠ്’ പരിപാടിക്ക് അനുമതി നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി. പരിപാടിക്ക് മറ്റൊരു വേദി തെരഞ്ഞെടുക്കാൻ സംഘാടകരോട് കോടതി ആവശ്യപ്പെട്ടു.
3000 ത്തോളം പേർ പങ്കെടുക്കുന്ന പരിപാടിക്ക് പൊലീസ് അനുമതി നൽകാത്തതിനെ തുടർന്ന് സംഘാടകരിലൊരാൾ അനുമതി തേടി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഗതാഗത തടസങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞ കോടതി അനുമതി നിഷേധിക്കുകയും മറ്റൊരു വേദി തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെതായിരുന്നു വിധി.
ഹനുമാൻ ചാലിസ പാഠ് പരിപാടിക്ക് റെഡ് റോഡിൽ അനുമതി നിഷേധിച്ച പൊലീസ് മറ്റൊരു ബദൽ സ്ഥലം നിർദേശിച്ചിരുന്നു. മാർച്ച് 31ന് അതേ സ്ഥലത്ത് മറ്റൊരു സമുദായത്തിന് പരിപാടി നടത്താൻ അനുമതി നല്കിയിരുന്നെന്നും എന്നാൽ അതേ വേദിയിൽ പരിപാടി സംഘടിപ്പിക്കാൻ തങ്ങളുടെ സമുദായത്തിന് അനുമതി നിഷേധിക്കപ്പെടുന്നുവെന്നും ഹരജിക്കാരൻ വാദിച്ചു.
ഏപ്രിൽ 12 ഹനുമാന്റെ ജന്മദിനമാണെന്നും അതിനാൽ ആ ദിവസം ആചരിക്കുന്നതിന് ഒരു സുപ്രധാന ദിവസമാണെന്നും ഹരജിക്കാരൻ വാദിച്ചു. പരിപാടി നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലം സൈന്യത്തിന്റേതാണെന്നും പരിപാടിക്ക് അവർ അനുമതി നൽകിയിട്ടുണ്ടെന്നും ഹരജിക്കാരൻ കൂട്ടിച്ചേർത്തു.
എന്നാൽ ഹരജിക്കാരൻ ആദ്യമായാണ് പൊതുസ്ഥലത്ത് ഒരു പരിപാടി സംഘടിപ്പിക്കുന്നതെന്നും മുമ്പ് നടത്തി പരിചയം ഇല്ലാത്തതിനാലും പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വളരെ വലുതായതിനാലും അനുമതി നല്കാൻ പാടില്ലെന്ന് സംസ്ഥാനം വാദിച്ചു. തുടർന്ന് കോടതി അനുമതി നിഷേധിക്കുകയായിരുന്നു.
Content Highlight: No Hanuman Chalisa on Red Road, please, rules Calcutta High Court