| Monday, 12th April 2021, 6:47 pm

എന്‍.ആര്‍.സി നടപ്പിലാക്കിയാല്‍ ഒരു ഗൂര്‍ഖകളെയും പുറത്താക്കില്ല; തൃണമൂലിന്റെ നുണപ്രചരണത്തില്‍ വീഴരുതെന്ന് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: എന്‍.ആര്‍.സി നടപ്പാക്കിയാല്‍ ഒരു ഗൂര്‍ഖ വിഭാഗത്തെയും സംസ്ഥാനത്ത് നിന്ന് പുറത്താക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

എന്‍.ആര്‍.സിയെപ്പറ്റി തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ നുണപ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിലെ കലിംപോങ്ങില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഷായുടെ പ്രതികരണം.

‘എന്‍.ആര്‍.സിയെപ്പറ്റി നുണപ്രചരണങ്ങള്‍ നടത്തുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഈ നിയമം നടപ്പാക്കിയാല്‍ ഗൂര്‍ഖകളെ പുറത്താക്കുമെന്ന തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, എന്‍.ആര്‍.സി ഇതുവരെ നടപ്പാക്കിയിട്ടില്ല. നടപ്പാക്കുന്ന ഘട്ടത്തില്‍ ഒരു ഗൂര്‍ഖയേയും പുറത്താക്കില്ല. തൃണമൂല്‍ കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുകയാണ്’, അമിത് ഷാ പറഞ്ഞു.

പശ്ചിമ ബംഗാളിലെ ബി.ജെ.പി സഖ്യകക്ഷിയായിരുന്ന ഗൂര്‍ഖ ജനമുക്തി മോര്‍ച്ച എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രഖ്യാപനം. ബി.ജെ.പിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ ബിമല്‍ ഗുരുംഗ് അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും ബി.ജെ.പി പാലിച്ചില്ലെന്നും പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞായിരുന്നു പിന്‍മാറ്റം.

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും പറഞ്ഞ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയ നേതാവാണ് മമതയെന്നും ഗുരുംഗ് പറഞ്ഞു.

സ്വതന്ത്ര ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായി നിരന്തരം വാദിക്കുന്ന പാര്‍ട്ടിയാണ് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച. നിലവില്‍ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ രണ്ട് എം.എല്‍.എമാരാണ് പാര്‍ട്ടിയ്ക്കുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: No Gurkha Will Expell From Bengal Says Amit Sha

We use cookies to give you the best possible experience. Learn more