| Friday, 20th March 2020, 1:40 pm

പ്രതിഷേധം ഫലം കണ്ടു; അയോധ്യയിലെ രാമനവമി ആഘോഷങ്ങള്‍ ഒഴിവാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: രാജ്യത്ത് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് അയോധ്യയില്‍ നടത്താനിരുന്ന രാമ നവമി ആഘോഷങ്ങള്‍ ഒഴിവാക്കി. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ടുവരെയായിരുന്നു ആഘോഷങ്ങള്‍ നടത്താനിരുന്നത്. കൊവിഡ് ഭീതി ഉയരുമ്പോഴും ആയിരങ്ങളെ ഒരുമിച്ചുചേര്‍ത്ത് പരിപാടി നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ആഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനമായതെന്നാണ് വിവരം.

വലിയ ആഘോഷങ്ങള്‍ നടത്തുന്നില്ലെന്ന് പരിപാടിയുടെ സംഘാടകരായ വി.എച്ച്.പി, രാം ജന്മഭൂമി പ്രവര്‍ത്തകര്‍ അറിയിച്ചു. അയോധ്യയിലും രാജ്യത്തുടനീളവും നടത്താനിരുന്ന എല്ലാ വലിയ ആഘോഷങ്ങളും ഒഴിവാക്കുകയാണെന്ന് വി.എച്ച്.പി ഓള്‍ ഇന്ത്യാ ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്രകുമാര്‍ ജെയ്‌ന പറഞ്ഞു.

രാമനവമി ഒഴിവാക്കില്ലെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. സംസ്ഥാനത്തെ ആരോഗ്യവിദഗ്ധരടക്കം രാമനവമി മേള ഒഴിവാക്കണമെന്നാവശ്യപ്പെട്ടിട്ടും തീരുമാനത്തില്‍ മാറ്റമില്ലെന്ന് യോഗി സര്‍ക്കാര്‍ പറഞ്ഞിരുന്നു.

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് മേള നടക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ മേളയ്ക്ക് ‘അതിപ്രാധാന്യം’ ഉണ്ടെന്നുമായിരുന്നു ആദിത്യനാഥിന്റെ അവകാശ വാദം.

We use cookies to give you the best possible experience. Learn more