രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ ആനുകൂല്യങ്ങള്‍ റദ്ദാക്കും, ഒരു കുട്ടിയെങ്കില്‍ എയിംസിലും ഐ.എ.എമ്മിലും പ്രവേശനത്തിന് യോഗ്യത; ഉത്തര്‍പ്രദേശ് പോപുലേഷന്‍ ബില്ലില്‍ പറയുന്നതിങ്ങനെ
national news
രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ ആനുകൂല്യങ്ങള്‍ റദ്ദാക്കും, ഒരു കുട്ടിയെങ്കില്‍ എയിംസിലും ഐ.എ.എമ്മിലും പ്രവേശനത്തിന് യോഗ്യത; ഉത്തര്‍പ്രദേശ് പോപുലേഷന്‍ ബില്ലില്‍ പറയുന്നതിങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th July 2021, 10:39 am

ലഖ്‌നൗ: രണ്ട് കുട്ടികളില്‍ കൂടുതലുള്ള കുടുംബങ്ങളെ സര്‍ക്കാര്‍ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതുതായി പുറത്തിറക്കാനിരിക്കുന്ന ജനസംഖ്യാ നിയന്ത്രണ നിയമത്തിന്റെ കരടിലാണ് സര്‍ക്കാര്‍ നിര്‍ദേശം.

കരട് നിയമമായി കഴിഞ്ഞാല്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന് സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷിക്കാനാവില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും ഇവരെ വിലക്കും.

ഉത്തര്‍പ്രദേശ് പോപുലേഷന്‍ ബില്‍ 2021 എന്ന് പേരിട്ടിരിക്കുന്ന നിയമത്തിന്റെ കരട് രൂപത്തിന് പൊതുജനാഭിപ്രായം സമാഹരിക്കാനായി ജൂലൈ 19 വരെ സംസ്ഥാന നിയമകമ്മീഷന്‍ സമയം അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മുസ്‌ലീം ജനസംഖ്യയെ ലക്ഷ്യമാക്കിയാണ് യോഗി സര്‍ക്കാരിന്റെ നീക്കമെന്ന് ഇതിനോടകം വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് ശേഷം പാലിക്കാതിരിക്കുന്ന കുടുംബങ്ങളുടെ റേഷന്‍ വിഹിതം നാല് പേര്‍ക്ക് മാത്രമായി വെട്ടിക്കുറക്കും. സര്‍ക്കാര്‍ ജോലികളില്‍ ഇവര്‍ക്ക് സ്ഥാനക്കയറ്റവും ഉണ്ടായിരിക്കില്ല.

രണ്ട് കുട്ടികള്‍ മാത്രമുള്ളവര്‍ക്ക് വീട് വെക്കുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ ലഭ്യമാക്കും. വെള്ളം, വൈദ്യുതി നിരക്കുകള്‍, കെട്ടിട നികുതി തുടങ്ങിയവയ്ക്ക് ഇവര്‍ക്ക് ഇളവുണ്ടാകും.

ഒരു കുട്ടി മാത്രമുള്ള കുടുംബത്തിന് സര്‍ക്കാര്‍ ജോലിയ്ക്ക് പ്രത്യേക പരിഗണന ലഭിക്കും. കുട്ടിയ്ക്ക് 20 വയസാകുന്നത് വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സര്‍ക്കാര്‍ നല്‍കും.

ഒരു കുട്ടി മാത്രമേ കുടുംബത്തിലൊള്ളൂവെങ്കില്‍ ആ കുട്ടിയ്ക്ക് എയിംസ്, ഐ.എ.എം., എന്നിവിടങ്ങളിലെ പ്രവേശനത്തിന് യോഗ്യതയുണ്ടാകും. കുട്ടിയുടെ ബിരുദതലം വരെയുള്ള പഠനത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കും.

രണ്ട് കുട്ടികള്‍ എന്ന മാനദണ്ഡം പാലിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍വീസിലുള്ളിടത്തോളം കാലം രണ്ട് അധിക ഇന്‍ക്രിമന്റ് ലഭിക്കും. ഇവര്‍ക്ക് ഒരു വര്‍ഷം ശമ്പളത്തോടെ മെറ്റേണിറ്റി, പെറ്റേണിറ്റി അവധി അനുവദിക്കും.

ഒരു കുട്ടി എന്ന മാനദണ്ഡം പാലിക്കുന്നവര്‍ക്ക് നാല് അധിക ഇന്‍ക്രിമന്റാണ് ലഭിക്കുക. ദാരിദ്ര്യരേഖയില്‍ താഴെയുള്ള കുടുംബങ്ങള്‍ ഒരു കുട്ടി മാനദണ്ഡം നടപ്പാക്കിയാല്‍ അവര്‍ക്ക് 80000 രൂപ ധനസഹായം നല്‍കുമെന്നും കരടില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: No Govt Job with More Than 2, Single Child’s Easy Entry in IIT, AIIMS: What UP’s Proposed Population Law Says