ന്യൂദല്‍ഹി: തീവ്രവാദികളുടെയും കല്ലെറിയുന്നവരുടെയും കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെ പോലും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമായിട്ടാണ് ബി.ജെ.പി പരിഗണിക്കുന്നതെന്നും ഷാ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാ ഇക്കാര്യം പറഞ്ഞത്.
‘കശ്മീരില്‍, ആരെങ്കിലും തീവ്രവാദി സംഘടനയില്‍ ചേര്‍ന്നാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്ന് ഞങ്ങള്‍ തീരുമാനമെടുത്തു കഴിഞ്ഞു. കല്ലെറിയുന്നവര്‍ക്കും ഇക്കാര്യം ബാധകമാണ്. മറ്റെന്തിനേക്കാളും രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം,’ അമിത് ഷാ പറഞ്ഞു.
രാജ്യത്തിന്റെ ഈ തീരുമാനത്തിനെതിരെ ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടും കാര്യമുണ്ടായില്ലെന്നും ഒടുക്കം തങ്ങള്‍ തന്നെ വിജയിച്ചെന്നും ഷാ പറഞ്ഞു.
തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങല്‍ ആളുകള്‍ക്ക് സര്‍ക്കാരിന് കൈമാറാമെന്നും അത്തരക്കാര്‍ക്ക് ഗവണ്മെന്റ് ഇളവുകള്‍ നല്‍കുമെന്നും ഷാ പറഞ്ഞു.
‘ഒരു തീവ്രവാദിയെ സുരക്ഷാ സേന വളയുമ്പോള്‍, അയാള്‍ക്ക് ആദ്യം കീഴടങ്ങാന്‍ അവസരം നല്‍കും. ഞങ്ങള്‍ അയാളുടെ അമ്മയെയോ ഭാര്യയെയോ പോലുള്ള കുടുംബാംഗങ്ങളെ വിളിക്കുകയും തീവ്രവാദിയോട് കീഴടങ്ങാന്‍ അഭ്യര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. എന്നിട്ടും അയാള്‍ കേള്‍ക്കുന്നില്ലെങ്കില്‍ അയാളെ കൊല്ലും,’ അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ ഏജന്‍സിയായ എന്‍.ഐ.എ തീവ്രവാദ പ്രവര്‍ത്തനങ്ങളെ വളരെ ജാഗ്രതയോടെ കാണുന്നുണ്ടെന്നും, അവരുടെ പ്രവര്‍ത്തന മികവ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് കുറയാന്‍ കരണമായിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഉദ്ധരിച്ചുകൊണ്ട് തീവ്രവാദ ആശയങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ഷാ പറഞ്ഞു. തീവ്രവാദികള്‍ മാത്രമല്ല, അവരുടെ ആവാസവ്യവസ്ഥയെ തന്നെ ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെ അജണ്ട എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Content Highlight: No government jobs will be given to relatives of terrorists or stone-pelters in Kashmir: Amit Shah