| Tuesday, 11th October 2022, 4:50 pm

'ആളുകളുടെ മുന്നിലിട്ട് മോനെ തലങ്ങും വിലങ്ങും തല്ലിയപ്പോൾ ഒരു ദൈവങ്ങളും രക്ഷകരായില്ല, നിങ്ങൾ മാത്രമാണ് ഇപ്പോൾ മനസിൽ'; 60,000 രൂപ പിഴ ചുമത്തപ്പെട്ട ദളിത് ബാലനെ ചേർത്തുപിടിച്ച് രാഹുൽ ​ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളൂരു: ക്ഷേത്രോത്സവത്തിൽ എഴുന്നള്ളിച്ച വി​ഗ്രഹം തൊട്ടതിന് പിഴ ചുമത്തപ്പെട്ട പതിനഞ്ചുകാരനേയും കുടുംബത്തേയും ചേർത്തുപിടിച്ച് രാഹുൽ ​ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെയാണ് രാഹുൽ കുടുംബത്തെ കണ്ടത്. രാഹുൽ ​ഗാന്ധി പ്രത്യേകം ക്ഷണിച്ചതോടെയാണ് കുടുംബം യാത്രക്കെത്തിയത്.

കർണാടകയിൽ പ്രമുഖ ഗ്രാമദൈവമായ സിദിരണ്ണയുടെ വിഗ്രഹത്തിൽ ഘടിപ്പിച്ച തൂണിൽ തൊട്ടതിനായിരുന്നു കുട്ടിക്കും കുടുംബത്തിനും ​ഗ്രാമവാസികൾ 60,000 രൂപ പിഴ ചുമത്തിയത്.

തൊട്ടുകൂടായ്മയും അയിത്താചരണവും സാമൂഹിക പരിഷ്കരണത്തിൽ തൂത്തെറിയപ്പെട്ട ദുരാചാരമാണെന്ന് രാഹുൽ ഗാന്ധി കുടുംബത്തോട് പറഞ്ഞു. നിയമവിരുദ്ധ പ്രവൃത്തിയാണ് നിങ്ങൾക്ക് നേരെയുണ്ടായത്. താനും കോൺഗ്രസ് പാർട്ടിയും ഒപ്പമുണ്ടാവും എന്നും രാഹുൽ കുടുംബത്തോട് പറഞ്ഞു.

സംഭവത്തോടെ മനസിലും വീട്ടിലും വെച്ച സകല ദൈവങ്ങളെയും പറിച്ചെറിഞ്ഞതായി കുടുംബം രാഹുലിനോട് പറഞ്ഞു. ‘ആളുകളുടെ മുന്നിലിട്ട് മോനെ അവർ തലങ്ങും വിലങ്ങും തല്ലിയപ്പോൾ തടയാൻ ഒരു കൈയും പൊങ്ങിയില്ല. ദൈവങ്ങളും രക്ഷകരായില്ല. നിങ്ങൾ മാത്രമാണ് ഇപ്പോൾ മനസിൽ,’ കുടുംബം കൂട്ടിച്ചേർത്തു.

കർണാടകയിലെ ഉള്ളേരഹള്ളിയിലായിരുന്നു ദളിത് കുടുംബത്തിനെതിരെ ആക്രമണമുണ്ടായത്.

സെപ്റ്റംബർ എട്ടിന് ഗ്രാമത്തിൽ ഭൂതയമ്മ മേള നടന്നിരുന്നു. ഈ ചടങ്ങിന് ദളിതർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇതിനിടെയാണ് ദളിത് വിഭാഗത്തിൽപ്പെട്ട രമേശ്-ശോഭ ദമ്പതികളുടെ മകൻ ഗ്രാമ ദേവതയായ സിദിരണ്ണയുടെ വിഗ്രഹത്തിൽ ഘടിപ്പിച്ച തൂണിൽ തൊട്ടത്.

ഗ്രാമവാസിയായ വെങ്കിടേശ്വരപ്പ വിഷയം ശ്രദ്ധിക്കുകയും ഗ്രാമത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആരോപിക്കുകയുമായിരുന്നു. അടുത്ത ദിവസം തന്നെ കുട്ടിയുടെ മാതാപിതാക്കളെ ഗ്രാമത്തലവന് മുന്നിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ ഗ്രാമവാസികൾ പ്രക്ഷുബ്ധരാണെന്നും ദളിത് കുടുംബം ഗ്രാമവാസികളെ അപകീർത്തിപ്പെടുത്തിയെന്നും ഗ്രാമവാസികൾ ആരോപിച്ചിരുന്നു. ദളിത് ബാലൻ തൊട്ടതുകൊണ്ട് വിഗ്രഹം അശുദ്ധമായെന്നായിരുന്നു ഇവരുടെ വാദം. വിഗ്രഹം പൂർണമായും രണ്ടാമത് പെയിന്റ് ചെയ്യണമെന്നും ഗ്രാമത്തലവൻ കുടുംബത്തോട് പറഞ്ഞിരുന്നു.

ഗ്രാമത്തിലെ മുതിർന്നയാളായ നാരായണസ്വാമിയാണ് കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തിക്കൊണ്ട് ഉത്തരവിട്ടത്. ഒക്ടോബർ ഒന്നിന് മുമ്പ് തുക അടച്ചുതീർക്കണമെന്നായിരുന്നു ഉത്തരവ്. പറഞ്ഞ തീയതിക്ക് മുമ്പ് തുക അടച്ചില്ലെങ്കിൽ കുടുംബത്തിന് ഗ്രാമത്തിൽ ഭ്രഷ്ട് കൽപ്പിക്കുമെന്നും അന്ന് ​ഗ്രാമപ്രമുഖർ പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ അന്ന് ദളിത് സംഘടനകൾ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.

Content Highlight: no gods came to our rescue; Rahul Gandhi holds Dalit boy who was fined Rs 60,000 during bharat jodo yatra

We use cookies to give you the best possible experience. Learn more