| Saturday, 11th February 2023, 6:35 pm

മേക്കപ്പും ജീന്‍സും 'വിചിത്രമായ' ഹെയര്‍സ്റ്റൈലും പാടില്ല; ഹരിയാനയിലെ ആശുപത്രികളില്‍ ഡ്രസ് കോഡ് പ്രഖ്യാപിച്ച് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടറും നഴ്‌സുമടക്കമുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും ഡ്രസ് കോഡ് നിര്‍ബന്ധമാക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍.

ഡ്രസ് കോഡ് സംബന്ധിക്കുന്ന ചട്ടങ്ങള്‍ തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് സര്‍ക്കാരെന്ന് ആരോഗ്യമന്ത്രി അനില്‍ വിജ് അറിയിച്ചു.

പുതിയ ഡ്രസ് കോഡ് പ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ ഡ്യൂട്ടി സമയത്ത് മേക്കപ്പും വലിയ ആഭരണങ്ങളും ‘വിചിത്രമായ’ ഹെയര്‍സ്റ്റൈലുകളും ഉപയോഗിക്കാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു.

പുരുഷന്മാര്‍ കഴുത്തിന് താഴേക്ക് മുടി വളര്‍ത്തരുത്. ജീന്‍സ്, ഡെനീം, സ്‌കേര്‍ട്ട്‌സ്, ടി-ഷര്‍ട്ട്, ഷോര്‍ട്‌സ്, പലാസോ, ക്രോപ് ടോപ്പ് തുടങ്ങി വിവിധ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും വിലക്കുണ്ട്. കറുത്ത നിറത്തിലുള്ള ചെരിപ്പുകളേ ധരിക്കാവൂവെന്നും നഖം വളര്‍ത്തരുതെന്നും ഡ്രസ് കോഡിലുണ്ട്.

സ്വകാര്യ ആശുപത്രികളില്‍ എല്ലാവരും യൂണിഫോമിലായിരിക്കുമെന്നും എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകരെയും രോഗികളെയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഡ്രസ് കോഡിനെ കുറിച്ച് വിശദീകരിക്കവേ ആരോഗ്യമന്ത്രി പറഞ്ഞു.

ഡ്രസ് കോഡ് തെറ്റിക്കുന്നവരുടെ അന്നത്തെ ദിവസം അവധിയായി മാര്‍ക്ക് ചെയ്യുമെന്നും അനില്‍ വിജ് അറിയിച്ചു.

‘ഒരു ആശുപത്രിയിലെ ജീവനക്കാര്‍ പ്രത്യേക ചിട്ടവട്ടങ്ങള്‍ പാലിച്ചേ മതിയാകു. അക്കൂട്ടത്തില്‍ സ്ഥാപനത്തിന് ഒരു പ്രൊഫഷണല്‍ ടച്ച് നല്‍കുന്നതില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഡ്രസ് കോഡ്.

ഒരു മികച്ച ഡ്രസ് കോഡ് ജീവനക്കാര്‍ക്ക് പ്രൊഫഷണല്‍ ഇമേജ് നല്‍കുക മാത്രമല്ല, സ്ഥാപനത്തിന് പൊതുജനത്തിന് മുമ്പില്‍ മികച്ച പേരും നേടിക്കൊടുക്കും,’ അനില്‍ വിജ് പറഞ്ഞു.

വരും ദിവസങ്ങളിലായിരിക്കും ഹരിയാനയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡ്രസ് കോഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുക.

Content Highlight: No funky hairstyles, jeans or shorts, a new dress code for staffs in Haryana Govt hospitals

We use cookies to give you the best possible experience. Learn more