| Wednesday, 23rd June 2021, 7:52 am

ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള മൂന്നാം മുന്നണിയ്ക്ക് കഴിയില്ല; പവന്‍ വര്‍മ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു മൂന്നാം മുന്നണിയ്ക്ക് ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് ജെ.ഡി.യു.   മുന്‍ രാജ്യസഭാ എം.പി. പവന്‍ വര്‍മ്മ. എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു മൂന്നാം മുന്നണിയ്ക്ക് വേണ്ടിയുള്ള ചര്‍ച്ചയായിരുന്നില്ല പവാര്‍ വിളിച്ചുചേര്‍ത്തത്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ തുറന്ന ചര്‍ച്ചയ്ക്കായുള്ള സ്ഥലമായിരുന്നു രാഷ്ട്ര മഞ്ച് യോഗം. നിലവിലെ രാഷ്ട്രീയ സംഭവങ്ങളെ വിലയിരുത്തുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. മൂന്നാം മുന്നണി എന്ന ആശയം കോണ്‍ഗ്രസിനെ ഒഴിവാക്കി നടക്കില്ല. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും കൂടി ചേര്‍ന്നുള്ള ഒരു സഖ്യത്തിന് മാത്രമെ കഴിയുകയുള്ളു,’ പവന്‍ വര്‍മ്മ പറഞ്ഞു.

അതേസമയം മൂന്നാം മുന്നണിക്കും നാലാം മുന്നണിക്കും ബി.ജെ.പിയെ വെല്ലുവിളിക്കാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും പറഞ്ഞിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതിപക്ഷ മൂന്നാം മുന്നണിക്ക് വിജയിക്കാന്‍ കഴിയില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

നേരത്തെ തന്നെ പരീക്ഷിച്ച് പരാജയപ്പെട്ട പുരാതന ആശയമാണ് മൂന്നാം മുന്നണിയെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചൊവ്വാഴ്ചയായിരുന്നു എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ ഇടതുപാര്‍ട്ടികളും പങ്കെടുത്തിരുന്നു. എന്നാല്‍ സി.പി.ഐ.എം., സി.പി.ഐ. പാര്‍ട്ടികളില്‍ നിന്ന് ജനറല്‍ സെക്രട്ടറിമാര്‍ പങ്കെടുത്തിരുന്നില്ല.

സി.പി.ഐ.എമ്മില്‍ നിന്ന് നിലോത്പല്‍ വസു, സി.പി.ഐ. നേതാവ് ബിനോയ് വിശ്വം എന്നിവരാണ് പങ്കെടുത്തത്.

എന്നാല്‍ കോണ്‍ഗ്രസിനെ പ്രതിപക്ഷ ഐക്യനീക്കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള യോഗമായിരുന്നു ഇത്.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റേയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയുടെയും പിന്തുണയോടെയാണ് പ്രതിപക്ഷ ബദലിന് പവാര്‍ ശ്രമിക്കുന്നത്. എന്‍.സി.പി. ഭാരവാഹികളുടെ യോഗം ശരദ് പവാറിന്റെ വസതിയില്‍ ചേര്‍ന്നതിന് ശേഷമായിരുന്നു പ്രതിപക്ഷ നേതാക്കളുടെ കൂടിക്കാഴ്ച.

യശ്വന്ത് സിന്‍ഹ, പവന്‍ വര്‍മ, സഞ്ജയ് സിങ്, ഫറൂഖ് അബ്ദുള്ള, ജസ്റ്റിസ് എ.പി. സിങ്, ജാവേദ് അക്തര്‍, കെ.ടി.എസ്. തുള്‍സി, കരണ്‍ ഥാപ്പര്‍, അശുതോഷ്, മജീദ് മെമന്‍, വന്ദന ചവാന്‍, മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ. ഖുറേഷി, കെ.സി. സിങ്, സുധീന്ദ്ര കുല്‍ക്കര്‍ണി, പ്രതീഷ് നന്ദി , കോളിന്‍ ഗോണ്‍സാല്‍വസ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: No front possible against BJP without inclusion of Congress Says Former Rajyasabha MP

We use cookies to give you the best possible experience. Learn more