| Monday, 30th October 2023, 4:23 pm

ശുദ്ധ ജലമില്ല; പ്രാഥമിക ആവശ്യങ്ങൾക്ക് കടൽവെള്ളം ആശ്രയിച്ച് ഗസ നിവാസികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്രഈലി ആക്രമണത്തിൽ ജീവിതം ദുസ്സഹമായിരിക്കെ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ശുദ്ധ ജലമില്ലാതെ ബുദ്ധിമുട്ടുകയാണ് ഗസയിലെ ജനങ്ങൾ.

കടൽ വെള്ളം ഉപയോഗിച്ച് ഗസയിലെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ വസ്ത്രവും പാത്രങ്ങളും കഴുകുന്ന ചിത്രങ്ങൾ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

ഇസ്രഈൽ വൈദ്യതിയും വെള്ളവും നിർത്തലാക്കിയതോടെ ഗസയിലെ 23 ലക്ഷം ആളുകൾക്ക് ശുദ്ധജലം ലഭിക്കാൻ യാതൊരു മാർഗവുമില്ല. ടാപ്പുകളിൽ നിന്ന് വെള്ളത്തുള്ളികൾ വീണാൽ പോലും മലിനജലവും കടലിലെ ഉപ്പുവെള്ളവുമാണെന്നും ജനങ്ങൾ പറയുന്നു.

ഈ സാഹചര്യത്തിലാണ് കുളിക്കാനും വസ്ത്രങ്ങളും പാത്രങ്ങളും കഴുകാനും ഗസ നിവാസികൾക്ക് കടൽവെള്ളത്തെ ആശ്രയിക്കേണ്ടി വന്നത്. മെഡിറ്ററേനിയൻ കടലിലെ ഉപ്പുവെള്ളത്തിൽ ഇരുന്ന് ചെറിയ തിരകളിൽ നനച്ചാണ് സ്ത്രീങ്ങൾ വസ്ത്രങ്ങൾ കഴുകുന്നത്. ദെയ്ർ എൽ ബലാ ബീച്ചിൽ ആളുകൾ അലക്കുന്നതിന്റെ ചിത്രങ്ങൾ വാർത്താ ഏജൻസിയായ എ.എഫ്.പി ആണ് പങ്കുവെച്ചത്.

ഒക്ടോബർ 29ന്, ഗസയിലേക്ക് ഈജിപ്തിൽ നിന്നുള്ള ഏക അതിർത്തിയായ റഫ വഴി 33 ട്രക്കുകളിലായി വെള്ളവും ഭക്ഷണവും മരുന്നുകളും എത്തിയിരുന്നു. എന്നാൽ ഒരൊറ്റ അതിർത്തി വഴി ഗസയിൽ ആവശ്യമായ മുഴുവൻ വസ്തുക്കളും എത്തിക്കാൻ സാധിക്കുന്നില്ല എന്നാണ് ഫലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എ അംഗങ്ങൾ പറയുന്നു.

നിലവിലെ സാഹചര്യത്തിൽ മാസമുറ ഉണ്ടായാൽ ശുചീകരണത്തിന് ബുദ്ധിമുട്ടാകുമെന്നതിനാൽ ഗസയിലെ സ്ത്രീകൾ മരുന്ന് കഴിച്ച് അത് നീട്ടിവെക്കുകയാണ്.

Content Highlight: No fresh water; Gaza people depend sea water for washing and bathing

We use cookies to give you the best possible experience. Learn more