|

മന്‍മോഹന്‍ സിങ്ങും ദേവഗൗഡയും 'ഔട്ട്'; മുന്‍ പ്രധാനമന്ത്രിമാരില്ലാതെ ഒരു ബജറ്റ് സമ്മേളനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരില്ലാതെ പാര്‍ലമെന്റില്‍ ഇത്തവണ ബജറ്റ് സമ്മേളനം. ജീവിച്ചിരിക്കുന്ന രണ്ട് മുന്‍ പ്രധാനമന്ത്രിമാരും കുറഞ്ഞത് ഈ ബജറ്റ് സമ്മേളനത്തിലെങ്കിലും പാര്‍ലമെന്റില്‍ കാണില്ലെന്നുറപ്പായി. പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിക്കുക.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് 30 വര്‍ഷത്തെ തന്റെ രാജ്യസഭാംഗത്വത്തിന്റെ കാലാവധി ഇന്നലെ അവസാനിക്കുകയായിരുന്നു. മറ്റൊരു മുന്‍ പ്രധാനമന്ത്രിയായ എച്ച്.ഡി ദേവഗൗഡ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുംകൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചു പരാജയപ്പെട്ടു.

13,000-ത്തോളം വോട്ടുകള്‍ക്കാണ് ദേവഗൗഡ ബി.ജെ.പിയുടെ ബസവരാജിനോടു പരാജയപ്പെട്ടത്. സാധാരണ ഹസ്സന്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചുകൊണ്ടിരുന്ന ഗൗഡ തന്റെ കൊച്ചുമകനായ പ്രജ്വല്‍ രേവണ്ണയ്ക്കായി സീറ്റ് വിട്ടുകൊടുക്കുകയായിരുന്നു.

ഹസ്സനില്‍ നിന്നു മത്സരിച്ച രേവണ്ണ, ബി.ജെ.പിയുടെ എ. മഞ്ജുവിനെ 1.41 ലക്ഷം വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഗൗഡയെ മത്സരിപ്പിച്ച് വിജയിപ്പിക്കാന്‍ താന്‍ വേണമെങ്കില്‍ സീറ്റ് ഒഴിയാമെന്ന് രേവണ്ണ പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തുടര്‍ന്ന മോശം പ്രകടനം മന്‍മോഹന്‍ സിങ്ങിന്റെ രാജ്യസഭാംഗത്വം തുടരുന്നതിനെയും ബാധിച്ചു. 1991-ല്‍ അസമില്‍ നിന്ന് രാജ്യസഭയിലെത്തിയശേഷം ആദ്യമായാണ് അദ്ദേഹത്തിന് സഭയില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാകുന്നത്. അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റാണ് കോണ്‍ഗ്രസിനു ലഭിച്ചത്. എന്നാല്‍ സിങ്ങിനെ സഭയിലേക്ക് അയക്കണമെങ്കില്‍ 43 സീറ്റാണ് ഇവിടെ വേണ്ടത്.

അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അയക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചെങ്കിലും ഏറ്റവും അടുത്ത് സീറ്റുകള്‍ ഒഴിവുവരുന്ന സംസ്ഥാനങ്ങളില്‍ ഗുജറാത്തില്‍ നിന്നു മാത്രമാണു സാധ്യതയുള്ളത്. ഛത്തീസ്ഗഢ്, രാജസ്ഥാന്‍, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളില്‍ ആവശ്യത്തിന് സീറ്റുണ്ടെങ്കിലും അടുത്തകാലത്ത് ഇവിടങ്ങളില്‍ ഒഴിവുവരില്ല.

Latest Stories