| Wednesday, 26th December 2018, 8:05 am

വെറുതെ പറന്നു നടന്നാല്‍ തെരഞ്ഞെടുപ്പ് ജയിക്കില്ല; അടുത്ത വര്‍ഷം മോദി വിദേശസന്ദര്‍ശനം നടത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശസന്ദര്‍ശനം നടത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തെ ആദ്യ നാല് മാസങ്ങളില്‍ പ്രധാനമന്ത്രി വിദേശരാജ്യങ്ങളിലൊന്നും സന്ദര്‍ശനം നടത്തില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം 14 തവണയാണ് മോദി വിദേശസന്ദര്‍ശനം നടത്തിയത്.

അധികാരത്തിലെത്തിയ ശേഷം വിദേശ രാജ്യങ്ങളില്‍ ചുറ്റാനായി മാത്രം മോദി ചെലവിട്ടത് 2000 കോടി രൂപയാണ്. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി വി.കെ സിങ് മോദിയുടെ വിദേശ പര്യടന യാത്രകളുടെ ചെലവ് പുറത്തു വിട്ടത്. നേരത്തെ, വിവരാവകാശ നിയമ പ്രകാരമുള്ള മോദിയുടെ യാത്രയുമായി ബന്ധപ്പെട്ട ചെലവുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.

ALSO READ: രാഷ്ട്രീയ സാഹചര്യം സങ്കീര്‍ണ്ണം, ആര് അടുത്ത പ്രധാനമന്ത്രിയാവുമെന്ന് പറയാനാവില്ല: ബാബാ രാംദേവ്

ലോകത്തെ പ്രമുഖ രാജ്യങ്ങളിലെല്ലാം തന്നെ മോദി ഈ നാലരവര്‍ഷം കൊണ്ട് എത്തിയിരുന്നു. വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം അദ്ദേഹം 84 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്.

തുടര്‍ച്ചയായി മോദി നടത്തുന്ന വിദേശസന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിദേശസന്ദര്‍ശനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. പ്രധാനമന്ത്രിയെന്ന നിലയില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ട ചടങ്ങുകളും ഇല്ല.

ഇക്കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ പ്രധാന പ്രാസംഗികനായിരുന്നു മോദി. അതേസമയം മോദി പ്രചരണം നടത്തിയ 70 ശതമാനത്തിലേറെ മണ്ഡലങ്ങളിലും ബി.ജെ.പി പരാജയപ്പെട്ടിരുന്നു.

ALSO READ: ബി.ജെ.പി സമ്മര്‍ദ്ദത്തില്‍, ബീഹാറില്‍ രണ്ട് എം.പിമാരുള്ള ഘടകകക്ഷിയ്ക്ക് 17 സീറ്റുകള്‍ നല്‍കിയത് ഇതിന് തെളിവാണ്: സച്ചിന്‍ പൈലറ്റ്

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും ചെയ്തിരുന്നു.

മൂന്നിടത്തും കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് ബി.ജെ.പിയ്ക്ക് തിരിച്ചടിയായത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയങ്ങളിലൂന്നിയുള്ള പ്രചരണത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

അതേസമയം വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതും ബി.ജെ.പിയ്ക്ക് തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more