|

'ദല്‍ഹിയില്‍ നിന്നുള്ള ഒരു ശക്തിയും ദക്ഷിണേന്ത്യ ഭരിക്കില്ല' മോദിയ്ക്കും അമിത് ഷായ്ക്കും മറുപടിയുമായി സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ശക്തമായ മറുപടികളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കേന്ദ്രവിഹിതം ചോദിക്കുന്നത് കരച്ചില്‍ അല്ലെന്നും സംസ്ഥാനങ്ങളുടെ അവകാശമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

എം.കെ സ്റ്റാലിന്‍

രാമേശ്വരം സന്ദര്‍ശിച്ചുകൊണ്ട് മോദി നടത്തിയ പ്രസ്താവനക്കെതിരെയാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. കേന്ദ്ര വിഹിതത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ കരയുന്നുവെന്നായിരുന്നു മോദിയുടെ അന്നത്തെ പ്രസ്താവന.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ഉയര്‍ത്തിയ ആരോപണങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റാലിന്റെ മറുപടി. തിരുവള്ളൂര്‍ ജില്ലയിലെ പൊന്നേരിയില്‍ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം.കെ. സ്റ്റാലിന്‍.

‘ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നിങ്ങള്‍ എന്താണ് പറഞ്ഞത്? ഗവര്‍ണര്‍മാര്‍ വഴി കേന്ദ്രം ഒരു സമാന്തര സര്‍ക്കാര്‍ നടത്തുകയാണെന്ന് അല്ലേ? നിങ്ങള്‍ തന്നെയല്ലേ ഇക്കാര്യം അന്ന് പറഞ്ഞത്? കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ കേന്ദ്രം പക്ഷപാതപരമായി പെരുമാറിയെന്നാണ് അക്കാലത്ത് മോദി പറഞ്ഞത്,’ സ്റ്റാലിന്‍ പറഞ്ഞു.

നരേന്ദ്ര മോദി

മോദി പറഞ്ഞ അതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ എങ്ങനെയാണ് കേന്ദ്ര വിഹിതത്തിനായി തമിഴ്നാട് കരയുകയാണെന്ന് പറയാന്‍ സാധിക്കുന്നതെന്നും സ്റ്റാലിന്‍ ചോദിച്ചു. താന്‍ ആരുടേയും മുന്നില്‍ കരയുന്ന വ്യക്തിയല്ലെന്നും ആരുടേയും കാലില്‍ കിടന്ന് ഇഴയുന്നവനല്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

നമ്മുടെ അവകാശങ്ങള്‍ക്കായി ശബ്ദിക്കാമെന്നും കരുണാനിധിയുടെ പാതയാണ് തങ്ങള്‍ പിന്തുടരുതെന്നും സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രത്തിന് മുന്നില്‍ കൈനീട്ടി നില്‍ക്കാന്‍ സംസ്ഥാനങ്ങള്‍ യാചകരാണോ എന്ന് ഒരു കാലത്ത് ചോദിച്ചത് താങ്കളായിരുന്നില്ലേ എന്നും പ്രധാനമന്ത്രിയോട് സ്റ്റാലിന്‍ ചോദിച്ചു.

ഡി.എം.കെ നയിക്കുന്ന സമരത്തെക്കുറിച്ച് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് മാത്രമല്ല, രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും അറിയാമായിരുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. അമിത് ഷായ്ക്കുള്ള മറുപടിയെന്നോണമായിരുന്നു സ്റ്റാലിന്റെ ഈ പ്രതികരണം.

അമിത് ഷാ

കഴിഞ്ഞ ദിവസം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും വീണ്ടും സഖ്യം ചേര്‍ന്നിരുന്നു. അമിത് ഷായുടെ സാന്നിധ്യത്തില്‍ ചെന്നൈയില്‍ നടന്ന പരിപാടിയിലായിരുന്നു സഖ്യ പ്രഖ്യാപനം. പരിപാടിയില്‍ ഡി.എം.കെ സര്‍ക്കാര്‍ ചില വിഷയങ്ങള്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായി ഷാ ആരോപിച്ചിരുന്നു.

വഖഫ് ഭേദഗതി നിയമത്തിനും മണ്ഡല പുനര്‍നിര്‍ണയത്തിനും എതിരായ ഡി.എം.കെയുടെ പോരാട്ടത്തെ മുന്‍നിര്‍ത്തിയായിരുന്നു അമിത് ഷായുടെ ആരോപണം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് വഴിതിരിച്ചുവിടലാണെങ്കില്‍ എന്തുകൊണ്ട് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് മണ്ഡല പുനര്‍നിര്‍ണയത്തില്‍ കേന്ദ്രം വിശദീകരണം നല്‍കുന്നില്ലെന്നും സ്റ്റാലിന്‍ ചോദിച്ചു.

മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം ശേഷം തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയില്ലെന്നും നീറ്റിന്റെ പരിധിയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കുമെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്നും അമിത് ഷായ്ക്ക് ഉറപ്പ് നല്‍കാന്‍ കഴിയുമോയെന്നും സ്റ്റാലിന്‍ ചോദ്യം ഉയര്‍ത്തി.

തമിഴ്‌നാട് എപ്പോഴും ദല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്തായിരിക്കുമെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള റെയ്ഡും മറ്റു സ്ഥലങ്ങളിലെ വിഭജനതന്ത്രവും തമിഴ്‌നാട്ടില്‍ വിജയിക്കില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ദല്‍ഹിയില്‍ നിന്നുള്ള ഒരു ശക്തിയും ദക്ഷിണേന്ത്യ ഭരിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

Content Highlight: ‘No force from Delhi will rule South India’, Stalin responds to Modi and Amit Shah