| Tuesday, 16th June 2020, 1:37 pm

'ഭക്ഷണവും വെള്ളവുമില്ല, ചുറ്റും മൃതദേഹങ്ങള്‍'; കൊവിഡ് പോസിറ്റീവാണെങ്കിലും ഇനി അവിടേക്കില്ല; ദല്‍ഹി ആശുപത്രിക്കെതിരെ വീണ്ടും ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ‘കൊവിഡ് ഉണ്ട്, ഒപ്പം ഡയാലിസിസും നടത്തുന്നുണ്ട്. പക്ഷേ രണ്ട് ദിവസം കൂടി അവിടെ തുടര്‍ന്നാല്‍ ഞാന്‍ മരിച്ചുപോയെനെ.. നോക്കുന്നിടത്തെല്ലാം മൃതദേഹങ്ങള്‍ മാത്രമാണ് ഭക്ഷണില്ല വെള്ളമില്ല, എങ്ങെയെങ്കിലും അവിടെ നിന്നും രക്ഷപ്പെടാനാണ് തോന്നിയത്’, ദല്‍ഹിയിലെ എല്‍.എന്‍.ജെ.പി ആശുപത്രിയിലെ കൊവിഡ് ചികിത്സയെ കുറിച്ച് സുരീന്ദര്‍ കുമാര്‍ എന്നയാള്‍ പറഞ്ഞ കാര്യങ്ങളാണ് ഇത്.

എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ ഡയാലിസ് ചെയ്തുകൊണ്ടിരിക്കവേയാണ് ഇദ്ദേഹത്തിന് കൊവിഡ് പിടിപെട്ടത്. ആശുപത്രിയില്‍ നിന്ന് തന്നെയാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായതെന്നാണ് കരുതുന്നത്.

കടുത്ത ശ്വാസ തടസം അനുവഭപ്പെട്ടതിനെ തുടര്‍ന്നാണ് തന്റെ അച്ഛനെ ആശുപത്രിയില്‍ എത്തിച്ചതെന്നും ഓക്‌സിജന്‍ നല്‍കാനായി എത്തിയ വാര്‍ഡ് ബോയ് മാസ്‌ക് തലയില്‍ വെച്ചിട്ട് പോകുകയായിരുന്നെന്നും നമ്മള്‍ എന്തെങ്കിലും കാര്യം അങ്ങോട്ട് പറഞ്ഞാല്‍ നമ്മളെ പിടിച്ച് പുറത്താക്കുമെന്നുമാണ് മകനായ സന്ദീപ് ലാല പറഞ്ഞത്. അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ബാഗില്‍ കരുതിയ ഫോണും ഭക്ഷണവും പോലും അദ്ദേഹത്തിന് നല്‍കാനായില്ലെന്നും സന്ദീപ് പറഞ്ഞു.

പിന്നീട് അച്ഛനുമായി ബന്ധപ്പെടാനേ കഴിഞ്ഞില്ല. ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാനായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സ്റ്റാഫ് പറഞ്ഞത്. എന്നാല്‍ അതില്‍ വിളിച്ചിട്ടും ആരും എടുത്തില്ല. പിന്നീട് മൂന്നാമത്തെ ദിവസം ഒരു സ്വീപ്പറുടെ കയ്യില്‍ ഫോണ്‍ കൊടുത്തുവിടുകയായിരുന്നു. എന്നാല്‍ അതില്‍ വിളിച്ചിട്ടും അച്ഛനെ കിട്ടിയില്ല. അദ്ദേഹത്തിന്റെ വിവരം അറിയിനായി രാത്രി മുഴുവന്‍ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല.

ജൂണ്‍ 11ാം തിയതി ആശുപത്രിയില്‍ നിന്നും ചിലര്‍ വിളിച്ച് അച്ഛനെ കാണാനില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലെത്തി ഞങ്ങള്‍ അന്വേഷിച്ചു ചെന്നു. വാര്‍ഡുകളിലെല്ലാം കയറിയിറങ്ങി. എല്ലായിടത്തും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ഉപയോഗിച്ച പി.പി.ഇ കിറ്റ് പലയിടത്തും കിടക്കുന്നത് കണ്ടു. ഒടുവില്‍ ഒരു വാര്‍ഡിനകത്ത് അച്ഛനെ കണ്ടു. ഇതോടെ ഞങ്ങള്‍ അവിടെ നിന്നും അച്ഛനെ ഡിസ്ചാര്‍ജ് ചെയ്യിച്ചു. ഇപ്പോഴും അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവാണ്. ഓക് ല ആശുപത്രിയില്‍ ബെഡ് അവയ്‌ല്യബിലിറ്റി ഉണ്ടെന്ന് പറഞ്ഞു. അവിടേക്ക് മാറ്റാമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇപ്പോള്‍ അവിടെ പ്രവേശിപ്പിക്കുകയില്ലെന്നാണ് അവര്‍ പറഞ്ഞത്. നോര്‍ത്ത് ദല്‍ഹി മുനിസിപ്പില്‍ കോര്‍പ്പറേഷിലെ ജീവനക്കാരനായിരുന്നു അച്ഛന്‍. എന്‍.ഡി.എം.സി കാര്‍ഡ് വഴി ചികിത്സ നല്‍കാന്‍ കഴിയില്ലെന്നും ചികിത്സക്കായുള്ള തുക നേരത്തെ കെട്ടിവെക്കണമെന്നുമാണ് അവര്‍ പറയുന്നത്- സന്ദീപ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more