ഗുവാഹത്തി: അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്ത മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണമോ താമസിക്കാന്‍ സ്ഥലമോ നല്‍കരുതെന്ന് ഉത്തരവുമായി മണിപ്പൂര്‍ സര്‍ക്കാര്‍. തദ്ദേശ സ്ഥാപനങ്ങളും ജനങ്ങള്‍ക്കുമായാണ് ഉത്തരവിറക്കിയിട്ടുള്ളത്.
ഗുരുതരമായി പരിക്കേറ്റവര്‍ക്കോ അല്ലെങ്കില്‍ മാനുഷിക പരിഗണന വെച്ചോ വൈദ്യസഹായം നല്‍കാന്‍ മാത്രമാണ് ഉത്തരവ് പ്രകാരം അനുമതിയുള്ളത്. മ്യാന്‍മറില്‍ നിന്നും ആളുകള്‍ അനധികൃതമായി ഇന്ത്യയിലെത്തുന്നത് തടയാനാണ് മണിപ്പൂര്‍ സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ ചന്ദേല്‍, തെങ്കനൗപാല്‍, കാംജോംഗ്, ഉഖ്‌റുല്‍, ചുരാചന്ദ്പൂര്‍ എന്നീ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്കമാണ് പ്രധാനമായും നിലവില്‍ ഈ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
‘അഭയം അന്വേഷിച്ചോ അല്ലാതെയോ ഇന്ത്യയിലെത്തുന്നവരെ മര്യാദപൂര്‍വ്വം മടക്കിയയക്കണം. ആധാറില്‍ എന്‍ റോള്‍മെന്റ് നടപടികള്‍ ഉടനടി നിര്‍ത്തിവെക്കണം. ആധാര്‍ എന്‍ റോള്‍മെന്റ് കിറ്റുകളുടെ സുരക്ഷ ഉറപ്പ് വരുത്തണം,’ ഉത്തരവില്‍ പറയുന്നു.
മണിപ്പൂരിലെ ബി.ജെ.പി സര്‍ക്കാരിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മനുഷ്യത്വരഹിതമായ നടപടിയാണിതെന്നും രാജ്യത്തിന്റെ ആതിഥ്യമര്യാദകള്‍ക്കും സംസ്‌കാരത്തിനും വിരുദ്ധമാണിതെന്നുമാണ് നിരവധി പേര്‍ വിമര്‍ശനമുന്നയിക്കുന്നത്.
ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മ്യാന്‍മറില്‍ മിന്‍ ഓങ് ഹ്ളെയിങ്ങിന്റെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നത്. മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥയും സൈന്യം പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷത്തേക്കാണ് അടിയന്തരാവസ്ഥ.
ഇതേ തുടര്‍ന്ന് മ്യാന്‍മറില്‍ പട്ടാളത്തിനെതിരെ വലിയ പ്രതിഷേധം ആരംഭിച്ചിരുന്നു. ക്രൂരമായ അടിച്ചമര്‍ത്തല്‍ നടപടികളാണ് പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം അഴിച്ചുവിട്ടിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാജ്യത്തെ 44 നഗരങ്ങളിലായാണ് സൈന്യം വെടിവെപ്പ് നടത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
താമസസ്ഥലങ്ങളില്‍ കയറി വരെ സൈന്യം നടത്തിയ ആക്രമണത്തില്‍ വീടുകള്‍ക്കുള്ളിലായിരുന്നവര്‍ കൊല്ലപ്പെട്ടു. പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ മാര്‍ച്ച് 14ന് സൈന്യം നടത്തിയ ആക്രമണത്തില്‍ തൊണ്ണൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
സൈന്യം ആക്രമണം ശക്തമാക്കിയെങ്കിലും പ്രതിഷേധക്കാരും പിന്‍വാങ്ങാന്‍ തയ്യാറായിട്ടില്ല. സമരവുമായി തെരുവുകളിലുണ്ടാകുമെന്ന് സമരക്കാര്‍ അറിയിച്ചു. നിരപരാധികളെ കൊന്നൊടുക്കി സായുധസേന ദിനം ആഘോഷിക്കുന്ന സൈന്യത്തിന്റെ നടപടി അപമാനകരമാണെന്ന് ഇവര്‍ പറഞ്ഞു.
ആങ് സാന്‍ സൂചി ഉള്‍പ്പെടെ സൈന്യം തടവിലാക്കിയ നിരവധി രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും സൈന്യം ഭരണത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ സമരം തുടരുന്നത്.
മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലേക്ക് നിരവധി പേര്‍ അഭയാര്‍ത്ഥികളായെത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ മ്യാന്‍മറില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്നതോടെ അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുമെന്ന സാധ്യത മുന്നില്‍ കണ്ടാണ് ബി.ജെ.പി സര്‍ക്കാരിന്റെ നടപടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക