| Saturday, 13th April 2024, 5:50 pm

രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല: എം.എം. ഹസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍. പതാകക്ക് പകരം പാര്‍ട്ടി ചിഹ്നം മാത്രം ഉപയോഗിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് വയനാട്ടില്‍ നടന്ന റോഡ് ഷോയില്‍ പാര്‍ട്ടി പതാക ഒഴിവാക്കിയത് എന്തിനാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നോമിനേഷന്‍ കൊടുക്കുമ്പോള്‍ അല്ലല്ലോ പതാക ഉപയോഗിക്കേണ്ടതതെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് എം.എം. ഹസന്‍ മറുപടി നല്‍കിയത്. എന്നാല്‍ ഇനി അങ്ങോട്ട് രാഹുല്‍ ഗാന്ധിയുടെ പ്രചരണങ്ങളിലൊന്നും ഒരു പതാകയും ഉപയോഗിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുസ്‌ലിം ലീഗിന്റെ പതാക ഉപയോഗിക്കുമോ എന്ന് മാധ്യമങ്ങള്‍ എടുത്ത് ചോദിച്ചപ്പോള്‍, ലീഗിന്റെ മാത്രമല്ല കോണ്‍ഗ്രസിന്റെയും പതാക ഉപയോഗിക്കില്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഇതിന് പിന്നില്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലെന്നും ചിഹ്നം മാത്രം മതിയെന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

‘ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ പതാക ഉപയോഗിക്കാം. എന്നാല്‍ രാഹുല്‍ ഗന്ധിയുടെ മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നം മാത്രം ഉപയോഗിക്കാനാണ് തീരുമാനം,’ എം.എം. ഹസന്‍ പറഞ്ഞു. തിരിച്ചടി ആകുമെന്ന് ഭയന്നാണോ പതാക ഒഴിവാക്കിയതെന്ന ചോദ്യത്തിന് അതിന്റെ ഉത്തരം എന്താണെന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Content Highlight: No flag will be used for Rahul Gandhi’s campaign: MM Hasan

We use cookies to give you the best possible experience. Learn more