ന്യൂദല്‍ഹി: നിസാര കുറ്റകൃത്യങ്ങള്‍ക്ക് കുട്ടികള്‍ക്കെതിരെ ഇനി മുതല്‍ പോലീസിനു കേസെടുക്കാനാവില്ല. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിനുവേണ്ടി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പുമന്ത്രി മനേകാ ഗാന്ധി പുറത്തിറക്കിയ നിയമത്തിന്റെ കരടിലാണ് ഇക്കാര്യം പറയുന്നത്.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു വിലക്കുള്ള കേസുകള്‍ കൈകാര്യം ചെയ്യുക പ്രത്യേക ജുവനൈല്‍ പോലീസ് വിഭാഗമായിരിക്കും.
ഏഴുവര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണെങ്കിലോ മുതിര്‍ന്നുവര്‍ക്കൊപ്പം കുറ്റത്തില്‍ പങ്കാളിയായതാണെങ്കിലോ മാത്രമേ ഇനി മുതല്‍ കുട്ടികള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയൂ.
ഈ ചട്ടങ്ങള്‍ 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ ഭാഗമാക്കും. കുട്ടിക്കുറ്റവാളികളെ മുതിര്‍ന്നവര്‍ക്കൊപ്പം ജയിലിലോ ലോക്കപ്പിലോ പൂട്ടിയിടില്ല. ഇവര്‍ക്ക് വൈദ്യസഹായവും നിയമസഹായവും ഉറപ്പാക്കും. ഒരു കുട്ടിയെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തയുടന്‍ ബന്ധുക്കളെ കൃത്യമായി വിവരം അറിയിക്കും.
അറസ്റ്റു ചെയ്യപ്പെടുന്ന സമയത്ത് കുട്ടിയ്ക്ക് വിശപ്പോ ദാഹമോ ഉള്ളതായി പറയുകയാണെങ്കില്‍ അവര്‍ക്ക് ഉടന്‍ തന്നെ ഭക്ഷണം നല്‍കണമെന്നും നിയമം നിര്‍ദേശിക്കുന്നു.
കുട്ടിക്കുറ്റവാളികള്‍ക്കെതിരെയുള്ള കേസില്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനായി സമയപരിധി വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.