ലഖ്‌നൗ: ആറ് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ഒരു കര്‍ഷകന്‍ പോലും ആത്മഹത്യചെയ്തിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സഹകരണ കരിമ്പ്, പഞ്ചസാര മില്‍ സൊസൈറ്റികളില്‍ സ്ഥാപിച്ച ട്രാക്ടറുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ഇന്ന് കരിമ്പ് കര്‍ഷകര്‍ക്ക് ചരിത്രപ്രധാനമായ ദിവസമാണ്. എല്ലാ കര്‍ഷകരുടേയും അക്കൗണ്ടുകളിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017ന് മുന്‍പ് സംസ്ഥാനത്തെ കരിമ്പ് കര്‍ഷകര്‍ വൈദ്യുതിയുടെയും വെള്ളത്തിന്റെയും അഭാവം കൊണ്ട് വിളകള്‍ കത്തിക്കേണ്ടി വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷക്കാലമായി സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് യാതൊരു പ്രയാസവും നേരിടേണ്ടി വന്നിട്ടില്ലെന്നും ആരും ആത്മഹത്യ ചെയ്തിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
‘മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് മുമ്പ് സംസ്ഥാനത്തെ കരിമ്പ് കര്‍ഷകരുടെ അവസ്ഥ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. മോദി അധികാരത്തിലെത്തിയ ശേഷം, കര്‍ഷകര്‍ക്ക് ആദ്യമായി സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ഗുണമുണ്ടായി.
പണ്ട് പണം കൊടുക്കുന്നവരെ ആശ്രയിച്ച് കൃഷി നടത്തിയിരുന്ന കര്‍ഷകര്‍ ഇന്ന് സര്‍ക്കാരിന്റെ സോയില്‍ ഹെല്‍ത് കാര്‍ഡ്, കിസാന്‍ ഭീമ യോജന, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി തുടങ്ങിയ പദ്ധതികള്‍ പ്രകാരം നേട്ടങ്ങള്‍ സ്വീകരിച്ചു തുടങ്ങി,’ യോഗി ആദിത്യനാഥ് പറഞ്ഞു.
കര്‍ഷകനെന്നാല്‍ കര്‍ഷകന്‍ മാത്രമാണെന്നും ജാതിയോ മതമോ ഇല്ലെന്നും യോഗി പറയുന്നതായി സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചടങ്ങില്‍ സമാജ്‌വാദി പാര്‍ട്ടിയേയും യോഗി വിമര്‍ശിച്ചിരുന്നു. സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനം ഭരിച്ചിരുന്ന സമയത്ത് കാലം കര്‍ഷകര്‍ക്ക് പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു എന്നാണ് യോഗിയുടെ വാദം.
എന്നാല്‍ 2020ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 87 കര്‍ഷകര്‍ 2020ല്‍ മാത്രം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതായി ന്യൂസ് ലോണ്ടറി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ ബി.ജെ.പി നേതാവിന്റെ മകന്‍ വാഹനവ്യൂഹം ഇടിച്ചുകയറ്റിയ സംഭവവും സമീപകാലത്തായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
Content Highlight: No farmer has committed suicide in last 6 years says UP CM yogi adithyanath