ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള സമരത്തിനിടെ മരിച്ച കര്‍ഷകരുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്രം.
കര്‍ഷകരുടെ മരണത്തെക്കുറിച്ചുള്ള രേഖകള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്നാണ് കൃഷി മന്ത്രി നരേന്ദ്ര തോമര്‍ ഇന്ന് പാര്‍ലമെന്റില്‍ രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞത്.
ദല്‍ഹി അതിര്‍ത്തിക്കടുത്തുള്ള പ്രതിഷേധ സ്ഥലങ്ങളിലെ മരണവിവരവും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കുള്ള ധനസഹായത്തെക്കുറിച്ചുമുള്ള ചോദ്യത്തിനായിരുന്നു തോമറിന്റെ പ്രതികരണം. മന്ത്രാലയത്തിന് ഇക്കാര്യത്തില്‍ ഒരു രേഖയുമില്ല, അതിനാല്‍ സഹായം എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും തോമര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷത്തിലേറെയായി കര്‍ഷകര്‍ സമരം നടത്തുകയാണ്. 700 ല്‍ അധികം കര്‍ഷകരാണ് സമരത്തിനിടെ മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം, മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിച്ചത്.
ഏറെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ മാസം 19നാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കര്‍ഷക സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയമം പാസാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.
അതേസമയം, നിയമത്തിനെതിരെ ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് പ്രതിഷേധിച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്.