| Saturday, 6th January 2024, 12:08 pm

ഒരു തറവാടിനും സമസ്തയെ തകര്‍ക്കാനാവില്ല; പാണക്കാട് കുടുംബത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി സമസ്ത നേതാവ്, വിമര്‍ശനമായതോടെ പിന്‍മാറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പാണക്കാട് കുടുംബത്തിനും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കുമെതിരെ പരോക്ഷ വിമര്‍ശനവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്. ഒരു തറവാടിനും ഒരു നേതാവിനും സമസ്തയുടെ ആദര്‍ശത്തെ തകര്‍ക്കാനാകില്ലെന്ന് റഷീദ് ഫൈസി മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ വെച്ച് സംഘടിപ്പിച്ച എസ്.കെ.എസ്.എസ്.എഫ് മേഖല സമ്മേളനത്തില്‍ പറഞ്ഞു.

ലീഗ് വിരുദ്ധ നിലപാടിന്റെ പേരില്‍ പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് റഷീദ് ഫൈസി. ഈ പശ്ചാത്തലത്തിലാണ് റഷീദ് ഫൈസിയുടെ വിമര്‍ശനം പ്രസക്തമാകുന്നത്. പട്ടിക്കാട് സമ്മേളനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മറ്റൊരു നേതാവ് ഹമീദ് ഫൈസി അമ്പലക്കടവും എടവണ്ണപ്പാറയിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഒരു തറവാടിനും ഒരു നേതാവിനും സമസ്തയുടെ ആദര്‍ശത്തെ തകര്‍ക്കാനാകില്ലെന്നും നേരായ മാര്‍ഗത്തിലൂടെ മുന്നോട്ട് പോകലാണ് നമ്മുടെ ഉത്തരവാദിത്തമെന്നും റഷീദ് ഫൈസി പ്രസംഗത്തില്‍ പറഞ്ഞു. ഒറ്റപ്പെടുത്തലുകളും ഭീഷണികളും കണ്ണരുട്ടലുകളും ഉണ്ടാകുമെന്നും എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ നിലപാട് വിജയിക്കുമെന്നും ഇപ്പോള്‍ കുറ്റം പറയുന്നവരൊക്കെയും സമസ്തയുടെ വഴിയിലേക്ക് വരുമെന്നും അങ്ങനെ വന്ന ചരിത്രമാണുള്ളതെന്നും എസ്.കെ.എസ്.എസ്.എഫ് എടവണ്ണപ്പാറയില്‍ പറഞ്ഞു.

റഷീദ് ഫൈസി എടവണ്ണപ്പാറയില്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗം

‘ അള്ളാഹുവാണ് രക്ഷിതാവ് എന്ന് പ്രഖ്യാപിക്കുക. അങ്ങനെ പ്രഖ്യാപിക്കുക മാത്രമല്ല, ആ പ്രഖ്യാപനത്തില്‍ ഉറച്ചു നിന്നാല്‍ ഒരു ശക്തിക്കും, ഒരു ഭരണാധികാരിക്കും, ഒരു തമ്പുരാനും, ഒരു നേതാവിനും, ഒരു തറവാടിനും ഈ ആദര്‍ശത്തെ തകര്‍ക്കാനാകില്ല എന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അങ്ങനെ തറവാടോ, നേതൃത്വമോ ഒന്നുമില്ല.

ഹഖായ മാര്‍ഗത്തില്‍ അടിയുറച്ച് മുന്നോട്ട് പോകലാണ് നമ്മുടെ ഉത്തരവാദിത്തം. അവിടെ ഉറച്ച് നില്‍ക്കണമെന്നും ആടിക്കളിക്കരുത് എന്നുമാണ് ഖുര്‍ആനിന്റെ ആ പ്രഖ്യാപനം നമുക്ക് നല്‍കുന്ന സന്ദേശം. ഒറ്റപ്പെടുത്തലുകളും ഭീഷണികളും കണ്ണരുട്ടലുമെല്ലാം ഉണ്ടായേക്കാം എന്നാല്‍ ഭയപ്പെടേണ്ടതില്ല, അടിയുറച്ച് നില്‍ക്കുക.

സമസ്തയുടെ നിലപാട് വിജയിക്കും. സമസ്തയുടെ നിലപാട് വിജയിച്ച ചരിത്രമേ ഉണ്ടായിട്ടുള്ളൂ. ഈ പറയുന്നവരൊക്കെയും സമസ്തയുടെ നിലപാടിന്റെ വഴിയിലേക്കാണ് വന്നിട്ടുള്ളത്. അത് സ്വര്‍ഗത്തിലേക്കുള്ള വഴിയാണ്. അത് പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും വഴിയാണ്. കാലങ്ങളായി അതിന് നേതൃത്വം നല്‍കുന്നവരെ വഴിപിഴക്കാന്‍ മഹാന്‍മാര്‍ അനുവദിക്കില്ല,’ റഷീദ് ഫൈസി പറഞ്ഞു.

അതേസമയം പ്രസംഗം വിവാദമായതോടെ റഷീദ് ഫൈസി നിലപാടില്‍ നിന്ന് പിന്നോട്ട് പോയിട്ടുണ്ട്. സംഭവത്തില്‍ വിശദീകരണവുമായി അദ്ദേഹം നേരിട്ട് തന്നെ രംഗത്തെത്തിയിട്ടുണ്ട്. പാണക്കാട് കുടുംബത്തെ ആക്ഷേപിച്ചെന്ന വ്യാഖ്യാനം ശരിയല്ലെന്നും ഒരു ഖുര്‍ആന്‍ സൂക്തത്തിന്റെ വിശദീകരണമാണ് പ്രസംഗത്തില്‍ പറഞ്ഞത് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദീകരണ കുറിപ്പില്‍ പറയുന്നു. അനാവശ്യ വിവാദമുണ്ടാക്കുന്നവരാണ് പ്രസംഗത്തെ വളച്ചൊടിക്കുന്നത് എന്നും ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

റഷീദ് ഫൈസിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എസ് കെ എസ് എസ് എഫ് എടവണ്ണപ്പാറ മേഖലാ സമ്മേളനത്തിലെ എന്റെ പ്രസംഗ ഭാഗം മുറിച്ചെടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ആദരണീയരായ പാണക്കാട് കുടുംബത്തെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന നിലയിലുള്ള വ്യാഖ്യാനം ഒട്ടും ശരിയല്ല. ഒരു ഖുര്‍ആന്‍ സൂക്തത്തിന്റെ വിശദീകരണത്തെ ഇങ്ങനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരാണ്.

ഞാന്‍ നടത്തിയ തറവാട് എന്ന പരാമര്‍ശത്തില്‍ പാണക്കാട് കുടുംബത്തെ ഒരു നിമിഷം പോലും ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ ഇന്ന് വരെ ആദരണിയരായ പാണക്കാട് കുടുംബത്തെ പരോക്ഷമായി പോലും വിമര്‍ശിക്കുകയോ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. എപ്പോഴും അവരോട് ആദരവും ബഹുമാനവും കാത്തു സൂക്ഷിക്കുന്ന വ്യക്തിയുമാണ്. എന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടായെങ്കില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത് സംബന്ധമായ ചര്‍ച്ചകളില്‍ നിന്ന് എല്ലാവരും പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനൊപ്പം ക്രിസ്മസ് കേക്ക് മുറിക്കുന്ന പാണക്കാട് സാദിഖലി തങ്ങളുടെ ഫോട്ടോ പുറത്തു വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ നടക്കുന്ന ഏറ്റവും സമസ്ത-ലീഗ് തര്‍ക്കത്തിന് തുടക്കമായത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനൊപ്പം വേദി പങ്കിട്ട സാദിഖലി തങ്ങള്‍ക്കെതിരെ സമസ്തയില്‍ ലീഗിനെതിരെ നിലപാടെടുക്കുന്ന ഹമീദ് ഫൈസി അമ്പലക്കവ് വിമര്‍ശനമുയര്‍ത്തുകയായിരുന്നു.

ഒരുമിച്ച് ക്രിസ്മസ് കേക്ക് മുറിക്കുന്ന മുസ്‌ലിം ലീഗ്, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍മാര്‍. കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം

പട്ടിക്കാട് സമ്മേളനത്തില്‍ നിന്ന് പ്രഭാഷകരെ മാറ്റിനിര്‍ത്തിയതിനെതിരെ സമ്മേള സദസ്സില്‍ വിതരണം ചെയ്ത ലഘുലേഖ

പിന്നാലെ ഹമീദ് ഫൈസി അടക്കമുള്ള സമസ്തയില്‍ ലീഗിനെതിരെ നിലപാടെടുക്കുന്ന ആളുകളെ പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു. ഇതിനെതിരെ പട്ടിക്കാട് സമ്മേന വേദിക്കരികില്‍ തന്നെ പ്രതിഷേധമുണ്ടായിരുന്നു. പ്രഭാഷകരെ മാറ്റി നിര്‍ത്തിയ നടപടിക്കെതിരെ സമ്മേളനത്തില്‍ ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

content highlights: No family can break Samasta; Samasta leader with indirect criticism against Panakkad family, withdrew after criticism

We use cookies to give you the best possible experience. Learn more