| Thursday, 28th December 2023, 10:30 am

അമേരിക്കയുടെ ടാസ്‌ക് ഫോഴിസില്‍ വിശ്വാസമില്ല; ചെങ്കടല്‍ ഒഴിവാക്കിയുള്ള യാത്ര തുടരുമെന്ന് ഷിപ്പിങ് ഭീമന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: ചെങ്കടലിലെ ഹൂത്തി ആക്രമണം നേരിടാന്‍ യു.എസിന്റെ സംയുക്ത നാവിക സഖ്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും ചെങ്കടല്‍ വഴിയുള്ള യാത്ര ഒഴിവാക്കുന്നത് തുടരുമെന്ന് ഷിപ്പിങ് ഭീമന്‍മാരായ ഹപാഗ്-ലോയ്ഡ് എ.ജി. മറ്റു കണ്ടെയ്‌നര്‍ കമ്പനികള്‍ അമേരിക്കന്‍ നാവിക സഖ്യത്തെ വിശ്വസിച്ച്‌കൊണ്ട് ചെങ്കടലിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കാന്‍ തയ്യാറെടുക്കുമ്പോഴും തങ്ങള്‍ ചെങ്കടലിലൂടെയുള്ള യാത്ര ഒഴിവാക്കുന്നത് തുടരുമെന്നാണ് ഹപാഗ്-ലോയ്ഡ് അറിയിച്ചിരിക്കുന്നത്.

മിഡില്‍ ഈസ്റ്റ് ഐ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാവിക സഖ്യത്തെ ചെങ്കടലില്‍ വിന്യസിച്ചതിന് ശേഷമുള്ള സുരക്ഷ സ്ഥിതികള്‍ പരിശോധിച്ചുവരികയാണെന്നും ജര്‍മന്‍ ഷിപ്പിങ് കമ്പനി അറിയിച്ചു.

ഗസക്കെതിരായ ഇസ്രഈലിന്റെ ആക്രമണത്തിന് തിരിച്ചടിയായി ഹൂത്തികള്‍ ചെങ്കടലില്‍ നടത്തുന്ന പ്രതിരോധത്തിന് മറുപടിയായി കഴിഞ്ഞ ആഴ്ചയാണ് യു.എസിന്റെ നേതൃത്വത്തില്‍ സംയുക്ത നാവിക ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയത്.

ഏഷ്യക്കും യൂറോപ്പിനുമിടയില്‍ ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന 10 വാണിജ്യ കപ്പലുകള്‍ക്ക് നേരെ ചുരുങ്ങിയത് 100 തവണയെങ്കിലും ഹൂത്തികള്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ആഗോള വ്യാപാര സംവിധാനത്തെ തന്നെ സാരമായി ബാധിക്കുകയും ചരക്ക് ഗതാഗതത്തിന്റെ ചിലവ് വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം യു.എസ്. ടാസ്‌ക് ഫോഴ്‌സിനെ വിശ്വാസത്തിലെടുത്ത് കൊണ്ട് ചെങ്കടല്‍ വഴിയുള്ള ഗതാഗതം പുനരാരംഭിക്കുമെന്ന് ഷിപ്പിങ് കമ്പനിയായ മാഴ്‌സ്‌ക് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രധാനപ്പെട്ട മറ്റു കമ്പനികളെല്ലാം ജാഗ്രത തുടരുകയാണ്.

പുതിയ ടാസ്‌ക് ഫോഴ്‌സിനെ വിന്യാസിച്ചതിന് ശേഷവും ചെങ്കടലില്‍ ഹൂത്തികളുടെ ആക്രണം പഴയതുപോലെ തന്നെ തുടരുകയാണ്. ചൊവ്വാഴ്ച സൗദിയില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള തങ്ങളുടെ ഒരു കപ്പല്‍ ആക്രമിക്കപ്പെട്ടതായി മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി പറഞ്ഞിരുന്നു. ചെങ്കടല്‍ വഴിയുള്ള യാത്ര ഒഴിവാക്കാന്‍ സ്വിറ്റ്‌സര്‍ലാന്റ് കമ്പനിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകളെയാണ് തങ്ങള്‍ ആക്രമിക്കുന്നത് എന്നാണ് ഹൂത്തികള്‍ അവകാശപ്പെടുന്നത്.

content highlights: No faith in America’s task forces; The shipping giant says it will continue to avoid the Red Sea

We use cookies to give you the best possible experience. Learn more