കോഴിക്കോട്: തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്നും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഒഴിവാക്കിയ സംഭവം മുസ്‌ലിം സ്റ്റുഡന്‍സ് ഫെഡറേഷനെ വിവാദത്തില്‍ ചാടിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും വിവാദ പോസ്റ്ററുമായി എം.എസ്.എഫ് രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണയും പോസ്റ്ററുകളില്‍ പെണ്‍കുട്ടികള്‍ക്ക് മുഖമില്ല. ഒമ്പത് പെണ്‍കുട്ടികളും പന്ത്രണ്ട് ആണ്‍കുട്ടികളുമാണ് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത്. ആണ്‍കുട്ടികളുടെയെല്ലാം പേരുകള്‍ക്കൊപ്പം അവരുടെയെല്ലാം ചിത്രങ്ങള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്.
വിവേചന രഹിതമായ വിദ്യാഭ്യാസവും വിദ്യാര്‍ത്ഥി സൗഹൃദ കലാലയവും എന്ന മുദ്രാവാക്യത്തോടെയുള്ള പോസ്റ്ററിലാണ് പെണ്‍കുട്ടികള്‍ക്ക് മുഖമില്ലാത്തതെന്നതാണ് ശ്രദ്ധേയം. എം.എസ്.എഫിന്റെ വനിതാ സ്ഥാനാര്‍ത്ഥികളുടെ ചിത്രമാണ് പോസ്റ്ററുകളില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
നാദാപുരം എം.ഇ.ടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ പോസ്റ്ററുകളാണ് വിവാദത്തിലായിരിക്കുന്നത്. വിവേചന രഹിതമെന്നാണ് പറയുന്നതെങ്കിലും മുസ്‌ലിം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ക്ക് പകരം പര്‍ദ്ദയുടെ രേഖാചിത്രവും ഹിന്ദുവായ ഒരു പെണ്‍കുട്ടിയുടെ ചിത്രത്തിന് പകരം മുടിയുടെ രേഖാചിത്രവുമാണ് വരച്ചു ചേര്‍ത്തിരിക്കുന്നത്.
അതേസമയം, കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ ക്യാമ്പസുകളിലും ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ മുഖം മറച്ചാണ് നല്‍കിയിരിക്കുന്നതെന്ന് ആരോപണമുണ്ട്. കഴിഞ്ഞവര്‍ഷവും എം.എസ്.എഫ് തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ക്ക് പകരം പര്‍ദ്ദയുടെ ചിത്രം വരച്ചു ചേര്‍ത്തിരുന്നത് വിവാദമായിരുന്നു.
നേരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ മിക്ക വനിത സ്ഥാനാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മുസ്‌ലിം ലീഗ് മുഖം മറച്ച്് നല്‍കിയ സംഭവം വന്‍ വിവിദമായിരുന്നു. വനിത സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ക്ക് പകരം അവരുടെ ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ നല്‍കി സ്ഥാപിച്ച ബോര്‍ഡുകളും എം.എസ്.എഫിനെ വെട്ടിലാക്കിയിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് പുതിയ പോസ്റ്ററുകള്‍.