ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പ്രത്യേക പരിഗണന നല്‍കിയെന്ന വാദം തള്ളി സുപ്രീം കോടതി. ദല്‍ഹി മദ്യനയക്കേസില്‍ കെജ്‌രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്നും സുപ്രീം കോടതി പറഞ്ഞു.
കെജ്‌രിവാള്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ഇ.ഡി നല്‍കിയ ഹരജിയിലാണ് കോടതിയുടെ പ്രസ്താവന. കെജ്‌രിവാളിന് സുപ്രീം കോടതിയില്‍ നിന്ന് പ്രത്യേക പരിഗണന ലഭിച്ചെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇന്ന് നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെതാണ് നിരീക്ഷണം.
കോടതി വിധിയെ വിമര്‍ശിക്കുന്നതും വിലയിരുത്തുന്നതും സ്വാഗതം ചെയ്യുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു.
‘വിധിക്കെതിരായ വിമര്‍ശനങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഞങ്ങള്‍ അതിലേക്ക് കടക്കില്ല. ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള കാരണങ്ങള്‍ കോടതി വ്യക്തമാക്കിയതാണ്. ഞങ്ങള്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കിയിട്ടില്ല,’ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
എന്നാൽ കെജ്‌രിവാളിന്റെ പ്രസംഗത്തിനെതിരെ നടപടിയെടുക്കണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. എ.എ.പിക്ക് വോട്ട് നൽകിയാൽ തിരിച്ച് ജയിലിലേക്ക് പോകേണ്ടി വരില്ലെന്ന കെജ്‌രിവാളിന്റെ പ്രസ്താവനക്കെതിരെയാണ് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചത്.
കേസിനെ കുറിച്ച് പരസ്യമായി സംസാരിക്കരുതെന്ന വ്യവസ്ഥയുടെ പുറത്താണ് കഴിഞ്ഞാഴ്ച തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി സുപ്രീം കോടതി കെജ്‌രിവാളിന് ജാമ്യം നൽകിയത്. ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കെജ്‌രിവാളിന്റെ പ്രസ്താവന കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. കെജ്‌രിവാളിന്റെ അനുമാനങ്ങൾ മാത്രമാണ് അതെന്നും അതിൽ കോടതി ഇടപെടില്ലെന്നും സഞ്ജീവ് ഖന്ന പറഞ്ഞു.
അതിനിടെ, കെജ്‌രിവാളിന്റെ ജാമ്യവുമായി ബന്ധപ്പെട്ട് അമിത് ഷാ നടത്തിയ പ്രസ്താവനക്കെതിരെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി പറഞ്ഞു.
Content Highlight: No Exception given for Kejriwal; Supreme Court against Amit Shah’s allegations