ന്യൂദല്‍ഹി: ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രാലയം ഇക്കാര്യമറിയിച്ചത്.
പുതിയ കൊറോണ വൈറസിനെതിരെ നിലവില്‍ കണ്ടെത്തിയ വാക്‌സിനുകള്‍ ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ ഇപ്പോള്‍ കണ്ടെത്തിയ വാക്‌സിന്‍ ഫലപ്രദമല്ലെന്ന പ്രചരണങ്ങള്‍ക്ക് തെളിവുകളൊന്നുമില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവായ കെ.വിജയരാഘവന്‍ പറഞ്ഞു.
വൈറസിനുണ്ടാകുന്ന ചെറിയ ജനിതക മാറ്റങ്ങള്‍ വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ഇല്ലാതാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ സ്ട്രെയിന്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ ആറ് പേരിലാണ് കൊറോണ വൈറസിന്റെ പുതിയ സ്ട്രെയിന്‍ കണ്ടെത്തിയത്. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്.
ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു. ഏറ്റവും ഒടുവിലായി സൗത്ത് കൊറിയയിലാണ് പുതിയ സ്ട്രെയിന്‍ വൈറസ് കണ്ടെത്തിയത്.
വൈറസിന്റെ അപകടകരമായ സ്ട്രെയിനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യ ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
സൗദി അറേബ്യയും അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിരുന്നു. അന്താരാഷ്ട്രതലത്തില്‍ യാത്രാ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെയാണ് ഇന്ത്യയിലും ജനിതകമാറ്റം വന്ന പുതിയ വൈറസ് സ്ട്രെയിന്‍ കണ്ടെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights:No Evidence Of Vaccines Will Fail Says Health Ministry