കൊലയാളിച്ചിലന്തി : അസം ഭീതിയില്‍
India
കൊലയാളിച്ചിലന്തി : അസം ഭീതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th June 2012, 12:50 am

ഗുഹാവത്തി : കൊലയാളി ചിലന്തി ഇറങ്ങിയെന്ന വാര്‍ത്ത അസമില്‍ പരിഭ്രാന്തി പരത്തുന്നു. ചിലന്തിയുടെ കടിയേറ്റ് ഇതിനകം രണ്ട് പേര്‍ മരിച്ചതായാണ് അവസാനം പുറത്തുവന്ന വാര്‍ത്ത.

അപ്പര്‍ അസമിലെ തിന്‍സുകിയ ജില്ലയിലാണ് കൊലയാളി ചിലന്തി ഇറങ്ങിയെതെന്ന വാര്‍ത്ത പ്രചരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരം മരണങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവിദഗ്ദ്ധര്‍ അറിയിച്ചു. മാധ്യമങ്ങളില്‍ വന്നതുപോലെ സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ കൊലയാളിച്ചിലന്തികള്‍ ഇരച്ചുകയറിയതിന് തെളിവു ലഭിച്ചിട്ടില്ലെന്നും ഇവിടെ പഠനം നടത്തിയ സംഘം അറിയിച്ചു.

ദിബ്രുഗഡ് സര്‍വ്വകലാശാലയിലെ ലൈഫ് സയന്‍സ് വിഭാഗം മേധാവി പ്രൊഫ. ഡോ. എല്‍. ആര്‍. സൈകിയയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഇവിടെ നിന്നും ശേഖരിച്ച പ്രത്യേക തരം ചിലന്തിയുടെ സ്‌പെസിമെന്‍ പരിശോധനക്കായി മഹാരാഷ്ട്രയിലെ ഇന്ത്യന്‍ സൊസൈറ്റി ഓഫ് അക്‌നോളജിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അസമില്‍ സാധാരണ കാണാറുള്ള ഒരുതരം വിഷച്ചിലന്തിയാണിത്. ഇവയില്‍ ആണ്‍ ചിലന്തികള്‍ക്ക് കറുപ്പ് നിറവും പെണ്‍ ചിലന്തികള്‍ക്ക് തവിട്ടുനിറവുമാണ് കാണാറെന്നും അദ്ദേഹം പറഞ്ഞു.

അസമിലെ ചവല്‍ഖോവ ഗ്രാമത്തിലെ കര്‍ഷകനായ പുര്‍നൊകാന്ത ബുരാഗൊഹൈന്‍ (52), റിതുരാജ് ഗൊഗോയ് (14) എന്നിവര്‍ ഒരു പ്രത്യേകതരം ചിലന്തിയുടെ കടിയേറ്റ് മരിച്ചെന്നാണ് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ചിലന്തിയുടെ കടിയേറ്റാണ് ഇവര്‍ മരിച്ചതെന്നു ഇവരുടെ ബന്ധുക്കളും സ്ഥിരീകരിച്ചിട്ടില്ല.

പക്ഷേ, മരിച്ച പുര്‍നോകാന്തയുടെ ശരീരത്തില്‍ കടിയേറ്റ പാടുണ്ടായിരുന്നു. എന്നാല്‍ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യത്തതിനാല്‍ ഇത് ചിലന്തിയുടെ കടിയാണെന്നു സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. അലര്‍ജിക് റിയാക്ഷനാണ് ഇയാളുടെ മരണകാരണമെന്നു കരുതുന്നു. എന്നാല്‍ മെയ് എട്ടിന് രാത്രി പുര്‍നൊകാന്തയെ എതോ ജീവി കടിച്ചതായി ബന്ദുക്കള്‍ പറയുന്നു.

നോക്കിയപ്പോള്‍ ഒരു ചിലന്തിയെ കണ്ടതായും ഇവര്‍ പറയുന്നു. തുടര്‍ന്ന് ഇയാള്‍ നാട്ടിലെ വൈദ്യനെകാണുകയും രാത്രി വൈകുവോളം ചികിത്സയിലുമായിരുന്നു. പിന്നീട് ഇയാളുടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടുത്ത ദിവസം മരിക്കുകയും ചെയ്തു.

കളിക്കുന്നതിനിടെ പാടത്തെ പൊത്തില്‍ കൈയിട്ടപ്പോഴായിരുന്നു റിതുരാജിന് കടിയേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണകാരണം എന്താണെന്നു വ്യക്തമാകാത്ത സാഹചര്യത്തില്‍ ചിലന്തിയുടെ കടിയേറ്റാണെന്ന വാര്‍ത്ത പ്രചരിക്കുകയായിരുന്നു. പക്ഷേ ഇത്തരത്തിലുള്ള ചിലന്തികളുടെ സാന്നിദ്ധ്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇതുവരെ ചിലന്തിയുടെ കടിയേറ്റ് എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പക്ഷേ ചിലന്തിക്ക് വിഷമുണ്ടെന്ന് തെളിയാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് അലര്‍ജിക്കുള്ള മരുന്നാണ് നല്‍കിയത്. ഇവരെ കടിച്ചതും കൊലയാളിച്ചിലന്തിയാണെങ്കില്‍ അവരും മരിക്കേണ്ടതല്ലേയെന്ന് ഡോ. സൈകിയ ചോദിച്ചു.

ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി ലഘുലേഖകള്‍ വിതരണം ചെയ്തതായി തീന്‍സുകിയ ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. എസ്. മിനാക്ഷി സുന്ദരം അറിയിച്ചു.