| Friday, 11th January 2019, 11:03 am

ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം: ഉന്നയിച്ചത് തന്നോട് വൈരാഗ്യമുള്ള വ്യക്തി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കിയതിനെതിരെ അലോക് വര്‍മ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വസ്തുതാവിരുദ്ധമായ ആരോപണങ്ങളുടെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട അലോക് വര്‍മ്മ. തന്നോട് വൈരാഗ്യമുള്ള വ്യക്തി ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ് തന്നെ പുറത്താക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പൊതുരംഗത്തുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സുപ്രധാന ഏജന്‍സിയായ സി.ബി.ഐ ഇപ്പോള്‍ ആരുടെ സ്വാതന്ത്ര്യമാണ് സംരക്ഷിക്കപ്പെടേണ്ടത് എന്ന സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

” ബാഹ്യ സ്വാധീനമില്ലാതെ സി.ബി.ഐ പ്രവര്‍ത്തിക്കണം. ആ സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വേളയിലും ഞാനതിന്റെ സത്യസന്ധതയ്ക്കുവേണ്ടി നിലകൊണ്ടു. ” അദ്ദേഹം പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കി കഴിഞ്ഞദിവസം ഉത്തരവിട്ടത്.

Also read:എസ്.പിയും ബി.എസ്.പിയും ഉറച്ചുതന്നെ; നാളെ സംയുക്ത വാര്‍ത്തസമ്മേളനം നടത്തുമെന്ന് നേതാക്കള്‍

സുപ്രീം കോടതി അലോക് വര്‍മ്മയെ സി.ബി.ഐ തലപ്പത്ത് വീണ്ടും നിയമിച്ചെങ്കിലും അദ്ദേഹത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ (സി.വി.സി) അന്വേഷണം കഴിയുന്നതു വരെ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും നടപ്പിലാക്കരുതെന്ന് കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു.

അലോക് വര്‍മ്മയെ മാറ്റിയതില്‍ മല്ലികാര്‍ജുന ഖാര്‍ഗെ എതിര്‍പ്പ് അറിയിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഖാര്‍ഗെ നേരത്തെ രംഗത്തെത്തിയിരുന്നു.

നേരത്തെ ഡയരക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെ സി.ബി.ഐ. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു നടത്തിയ ട്രാന്‍സ്ഫറുകള്‍ അലോക് വര്‍മ്മ റദ്ദാക്കിയിരുന്നു. സി.ബി.ഐയിലെ രണ്ടാമനായ രാകേഷ് അസ്താനയ്‌ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥരെയാണ് അലോക് വര്‍മ്മ തിരിച്ചെടുത്തത്.

ഈ സംഘത്തിലുള്‍പ്പെട്ട പത്ത് ഓഫീസര്‍മാരെ സ്ഥലം നാഗേശ്വര്‍ റാവു നേരത്തെ സ്ഥലം മാറ്റിയിരുന്നു.

സി.ബി.ഐ സ്പെഷ്യല്‍ ഡയരക്ടറും നരേന്ദ്ര മോദിയുടെ അടുപ്പക്കാരനുമായ രാകേഷ് ആസ്താനയ്ക്കെതിരെ അലോക് വര്‍മ്മ അഴിമതിക്കേസില്‍ നടപടി എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരെയും താല്‍കാലികമായി സി.ബി.ഐയില്‍ നിന്നും മാറ്റി നിര്‍ത്തിയത്. മോയിന്‍ ഖുറേഷി എന്ന വ്യവസായിയില്‍ നിന്നും 5 കോടി രൂപ വാങ്ങി എന്നായിരുന്നു രാകേഷ് ആസ്താനയ്ക്കെതിരെയുള്ള ആരോപണം.

We use cookies to give you the best possible experience. Learn more