| Saturday, 30th June 2018, 1:08 pm

പൊലീസ് ഡ്രൈവറുടെ മര്‍ദ്ദനം; എ.ഡി.ജി.പി.യുടെ മകളെ അറസ്റ്റ് ചെയ്യാന്‍ വേണ്ട തെളിവുകള്‍ ഒന്നുമില്ലെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്ന് പൊലീസ്. ഇതു സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

അതേസമയം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെടാനിരിക്കെ ബുധനാഴ്ചയാണ് ഗവാസ്‌കറിന്റെ പരാതി ഹൈക്കോടതി വീണ്ടും പരിഗണിക്കാനൊരുങ്ങുന്നത്.

പൊലീസ് ഡ്രൈവറായ ഗവാസ്‌കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ച സംഭവം കഴിഞ്ഞിട്ട് 16 ദിവസം കഴിഞ്ഞിരിക്കുകയാണ്. ഇതുവരെ എ.ഡി.ജി.പിയുടെ മകളെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തിരിഞ്ഞിട്ടില്ല.


ALSO READ: ബിഷപ്പിനെതിരെയുള്ള പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു; നിയമനടപടികളുമായി മുന്നോട്ട് പോകും: ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ


അതേസമയം ഗവാസ്കറിനെതിരെ എ.ഡി.ജി.പി മറ്റൊരു കേസ് ഫയല്‍ ചെയ്തിരുന്നു. ഇത്തരത്തില്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടിയത്.

ഗവാസ്‌കര്‍ തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നും കാലില്‍ വാഹനം കയറ്റിയെന്നുമാണ് എ.ഡി.ജി.പിയുടെ മകളുടെ പരാതി. എന്നാല്‍ ഈ പരാതി വ്യാജമാണെന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടും അത് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടില്ല. ഈ പരാതിയിലും കൂടുതല്‍ തെളിവ് ശേഖരിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.

എന്നാല്‍ മര്‍ദ്ദനമേറ്റ കാര്യം സ്ഥിരീകരിക്കുന്ന തെളിവുകളും മൊഴികളും ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടാനൊരുങ്ങുന്നത്.

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more